കൊച്ചി: കേരളാ കോണ്‍ഗ്രസ് വിട്ട ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയുടെ പ്രഖ്യാപനം ഇന്ന് കൊച്ചിയില്‍ നടക്കും. ജോണി നെല്ലൂരിനെ കൂടാതെ ജോര്‍ജ്.ജെ മാത്യു, മാത്യു സ്റ്റീഫന്‍ എന്നിവരും പാര്‍ട്ടിയുടെ നേതൃനിരയിലുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയര്‍മാനും ഉടുമ്പുംഞ്ചോല മുന്‍ എംഎല്‍എയുമായിരുന്നു മാത്യു സ്റ്റീഫന്‍.
നിലവിലെ ധാരണയനുസരിച്ച് എന്‍ഡിഎയുടെ ഭാഗമായി സഹകരിച്ച് നീങ്ങും. തിങ്കളാഴ്ച യുവം പരിപാടിക്കായി കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിക്കുമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്നും ഘടകകക്ഷികള്‍ക്ക് യുഡിഎഫില്‍ നിന്ന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നും ജോണി നെല്ലൂര്‍ ആരോപിച്ചിരുന്നു.
ക്രൈസ്തവ മേഖലകള്‍, പ്രത്യേകിച്ച് കത്തോലിക്കാ ഭൂരിപക്ഷ മേഖലകളിലെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ജോണി നെല്ലൂരിനെയും കൂട്ടരെയും ഒപ്പം ചേര്‍ത്ത് നിര്‍ത്തുവാന്‍ ബിജെപി നേതൃത്വം ഒരുങ്ങുന്നതെന്നാണ് സൂചന. ക്രിസ്ത്യന്‍ ബിഷപ്പമാരുമായി വര്‍ഷങ്ങളായി അടുപ്പമുണ്ടങ്കിലും അവരുടെ താല്‍പര്യപ്രകാരമല്ല പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതെന്ന് അദേഹം പറഞ്ഞു.
ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലര്‍ ദേശീയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചന നടക്കുന്നുവെന്ന് ജോണി നെല്ലൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 19നായിരുന്നു ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസില്‍ നിന്നും യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്‍കിയ മറുപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.