പതിനഞ്ച് മിനിറ്റ് ഇടവിട്ട് സര്‍വീസ്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രത്യേകതകള്‍ അറിയാം

പതിനഞ്ച് മിനിറ്റ് ഇടവിട്ട് സര്‍വീസ്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രത്യേകതകള്‍ അറിയാം

കൊച്ചി: ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ വാട്ടര്‍ മെട്രോ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. വാട്ടര്‍ മെട്രോയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏപ്രില്‍ 25 ന് ഉദ്ഘാടനം ചെയ്യും. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് വൈപ്പിനിലേക്കാണ് ആദ്യ ബോട്ട് സര്‍വീസ്.

ഏപ്രില്‍ 25 ന് രാവിലെ പതിനൊന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി റിമോട്ടിലെ ബട്ടണ്‍ അമര്‍ത്തുന്നതോടെ കൊച്ചി ജലഗാതഗത സര്‍വീസ് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, കൊച്ചി മെട്രോ റെയില്‍ എംഡി ലോക്നാഥ് ബെഹ്റ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

നിരവധി സവിശേഷതകളോടെയാണ് കൊച്ചി വാട്ടര്‍ മെട്രോ എത്തുന്നത്. രാവിലെയും വൈകിട്ടും പതിനഞ്ച് മിനിറ്റ് ഇടവിട്ട് ബോട്ടുകളുടെ സര്‍വീസുകള്‍ ലഭ്യമാകും. മറ്റ് സമയങ്ങളില്‍ 20 മുതല്‍ 30 മിനിറ്റ് ഇടവേളയിലായിരിക്കും സര്‍വീസ് ലഭ്യമാകുക. ഉടന്‍ തന്നെ കാക്കനാട് റൂട്ടിലും വാട്ടര്‍ മെട്രോ സര്‍വീസുകള്‍ ആരംഭിക്കും. ആധുനിക സംവിധാനങ്ങളോടു കൂടിയ ശബ്ദരഹിത എസി വൈദ്യുത ബോട്ടുകള്‍ രാജ്യത്തെ ആദ്യ ജലഗതാഗത സംവിധാനമാണ്.

പ്രാരംഭ ഘട്ടത്തില്‍ എട്ട് അലുമിനിയം ബോട്ടുകളാണ് വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി സജ്ജീകരിച്ചിരിക്കുന്നത്. ഒരേസമയം നൂറ് യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന ബോട്ടുകളാണ് ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ഒരു ബോട്ടില്‍ മൂന്ന് ജീവനക്കാരാണ് ഉള്ളത്. 7.6 കേടി രൂപയാണ് ഒരു ബോട്ടിന്റെ വില. 10-15 മിനിറ്റ് ചാര്‍ജ് ചെയ്യുകയാണെങ്കില്‍ ഒന്നര മണിക്കൂര്‍ വരെ സര്‍വീസ് നടത്തുവാന്‍ സാധിക്കും.

വൈകാതെ തന്നെ 23 വലിയ ബോട്ടുകളും 55 ചെറിയ ബോട്ടുകളും 38 ടെര്‍മിനലുകളും വാട്ടര്‍ മെട്രോയുടെ ഭാഗമായി സജ്ജമാക്കും. 736 കോടി രൂപയുടെ പദ്ധതിയാണ് പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത്. 76 കിലോമീറ്റര്‍ നീളുന്ന 15 റൂട്ടുകളിലായാണ് വാട്ടര്‍ മെട്രോ സര്‍വീസ് പ്രാബല്യത്തില്‍ നരുന്നത്. വൈറ്റില, കാക്കനാട്, ഹൈക്കോര്‍ട്ട്, വൈപ്പിന്‍, ബോള്‍ഗാട്ടി, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനല്ലൂര്‍ ടെര്‍മിനുകള്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് സജ്ജമായിട്ടുണ്ട്.

കൊച്ചി ജലഗതാഗതം പ്രാബല്യത്തില്‍ വരുന്നതോടെ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 10 ദ്വീപുകളിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. വിനോദ സഞ്ചാരമേഖലയ്ക്കും വാട്ടര്‍ മെട്രോ സഹായകരമായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.