2.5 ലക്ഷം ഗാലണ്‍ മലിനജലം നദിയിലേക്കൊഴുകി; ലോസ് ഏഞ്ചലസില്‍ ബീച്ചുകള്‍ അടച്ചു

2.5 ലക്ഷം ഗാലണ്‍ മലിനജലം നദിയിലേക്കൊഴുകി; ലോസ് ഏഞ്ചലസില്‍ ബീച്ചുകള്‍ അടച്ചു

കാലിഫോര്‍ണിയ: ശുചീകരണ സംവിധാനങ്ങളിലെ സാങ്കേതിക പിഴവ് മൂലം 2.5 ലക്ഷം ഗാലണ്‍ മലിനജലം ലോസ് ഏഞ്ചലസ് നദിയിലേക്ക് ഒഴുകിയെത്തി. ജലം മലിനമായതോടെ കാലിഫോര്‍ണിയയിലെ ബീച്ചുകളുടെ പരിസരത്തു നിന്ന് ആളുകളെ ഒഴിപ്പിച്ച് ഏഴു മൈല്‍ നീളത്തില്‍ ബീച്ചുകള്‍ അടച്ചു.

ശുചീകരണ സംവിധാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ഉപയോഗിക്കുന്ന ഉപകരണം കേടായതോടെയാണ് മലിന ജലം നദിയിലേക്ക് വന്‍ തോതില്‍ ഒഴുകിയത്. ഡൗണി നഗരത്തില്‍ മലിന ജലം കവിഞ്ഞൊഴുകി ലോസ് ഏഞ്ചലസ് നദിയിലെക്കെത്തി. നഗരത്തിലെ റോഡുകളിലേക്കും മലിനജലം ഒഴുകിയെത്തിയതായി ലോസ് ഏഞ്ചലസ് കൗണ്ടി സാനിറ്റേഷന്‍ ഡിസ്ട്രിക്റ്റുകളില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നദിയിലും ബീച്ചുകളിലും ഇറങ്ങരുതെന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ലോംസ് ഏഞ്ചലസ് നദി ലോംഗ് ബീച്ചിലൂടെ പസഫിക് സമുദ്രത്തിലേക്കാണ് ഒഴുകുന്നത്.

തീരദേശത്തെ പൊതു നീന്തല്‍ മേഖലകളെല്ലാം താല്‍ക്കാലികമായി അടച്ചിട്ടതായി ലോംഗ് ബീച്ച് നഗരാധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജലത്തിന്റെ ഗുണനിലവാര പരിശോധനകള്‍ തുടരുകയാണ്.

സാനിറ്റേഷന്‍ ജീവനക്കാര്‍ ആദ്യ ഘട്ട ശുചീകരണം പൂര്‍ത്തിയാക്കി. എന്നാല്‍ ബീച്ചുകള്‍ എപ്പോള്‍ വീണ്ടും തുറക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.