നാദം സ്വരസുധയാക്കിയ ജാനകിയമ്മ 85ന്റെ നിറവില്‍

നാദം സ്വരസുധയാക്കിയ ജാനകിയമ്മ 85ന്റെ നിറവില്‍

ഹൈദരാബാദ്: തെന്നിന്ത്യയുടെ നാദവിസ്മയമായ എസ്.ജാനകി 85ന്റെ നിറവില്‍. ആന്ധ്രയിലെ ഗുണ്ടൂരില്‍ ജനിച്ച എസ്.ജാനകി മലയാളികളുടെ മനസിനെ ഗാന വിസ്മയം കൊണ്ട് കീഴടക്കിയ പ്രിയഗായികയാണ്. ഓരോ സംഗീതാസ്വാധകന്റെയും മനസിനെ ശാന്തമാക്കി സ്വപ്നസുന്ദരമായ പാതയിലൂടെ സഞ്ചരിപ്പിക്കുന്ന മാന്ത്രിക വിസ്മയമാണ്. ഗാനങ്ങള്‍ ആലപിക്കുന്നവരുടെ ശബ്ദം തഴുകി വരുന്ന കാറ്റിനു തുല്യമാകുമ്പോള്‍ സ്വപനപഥത്തിലേക്ക് ആസ്വാദകരെ കൈപിടിച്ചുയര്‍ത്തും. ജാനകിയമ്മയുടെ ഭൂരിഭാഗം ഗാനങ്ങളും പാടിയത് കന്നഡയിലാണ്. 1960 കളുടെ തുടക്കത്തില്‍ പ്രശസ്ത സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് പുതിയ തുടക്കങ്ങള്‍ക്ക് വഴിവെച്ചു.

എസ്.ജാനകിയെന്ന പേരില്ലാതെ ഇന്ത്യന്‍ സിനിമാസംഗീത ചരിത്രം പൂര്‍ണമാകില്ല. 18 ഓളം ഭാഷകളില്‍ പാടിയ ജാനകി, ഓരോ ദേശക്കാര്‍ക്കും സ്വന്തം നാട്ടുകാരിയായ പാട്ടുകാരിയും പ്രിയപ്പെട്ടവളുമായി മാറി. ശാസ്ത്രീയ സംഗീതപഠനത്തിന്റെ അപര്യാപ്തത ഒരു പാട്ടിലും അനുഭവപ്പെട്ടിരുന്നില്ല. എക്കാലത്തും ജനപ്രീതി നേടിയ ഗാനങ്ങളുടെ സ്വരമാധുര്യം ഇനിയും ചുണ്ടുകളില്‍ ഈണങ്ങളായി വന്നുകൊണ്ടേയിരിക്കും.

ഒന്‍പത് വയസ്സുള്ളപ്പോഴായിരുന്നു ആദ്യ സ്റ്റേജ് പ്രകടനം. നാദസ്വരം വിദ്വാനായിരുന്ന പൈഡിസ്വാമി സംഗീതത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ പഠിപ്പിച്ചു. എവിഎം സ്റ്റുഡിയോയില്‍ ഗായികയായി ജോലി ചെയ്യാന്‍ അമ്മാവന്റെ ഉപദേശപ്രകാരം ജാനകി തന്റെ ഇരുപതാം വയസില്‍ ചെന്നൈയിലേക്ക് മാറുകയായിരുന്നു.

'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിലെ 'ഇരുള്‍ മൂടുകയോ എന്‍ വാഴ്വില്‍..' എന്ന ഗാനമാണ് ജാനകിയമ്മയുടെ ആദ്യ പാട്ട്. എസ്.ജാനകിക്ക് ഏറ്റവും കൂടുതല്‍ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചത് മലയാളത്തില്‍ നിന്നുമാണ്. നാല് ദേശീയ അവാര്‍ഡുകളും 41 സംസ്ഥാന ചലച്ചിത്ര ബഹുമതികളും ജാനകിയമ്മയെ തേടിയെത്തിയത്.

തേനും വയമ്പും, തുമ്പീ വാ, സന്ധ്യേ, നാഥാ നീ വരും, ആടി വാ കാറ്റേ, കിളിയേ കിളിയേ, കണ്ണു കണ്ണും, മലര്‍കൊടി പോലെ, മോഹം കൊണ്ടു ഞാന്‍, ഓലത്തുമ്പത്തിരുന്ന് എന്നീ ഗാനങ്ങള്‍ മലയാളികള്‍ക്ക് എത്രയോ പ്രിയമുള്ളവയാണ്. എന്നാല്‍, ഇതുകൊണ്ട് അവസാനിക്കുന്നില്ല, ജാനകിയമ്മയുടെ മധുരനാദത്തില്‍ നിന്നും ഹൃദയത്തില്‍ ഇടം നേടിയ മലയാള തനിമയുള്ള ഗാനങ്ങള്‍. ജാനകിയമ്മയുടെ ഗാനങ്ങള്‍ ഒരു ദിവസമെങ്കിലും മൂളാത്തവരായി ആരുമുണ്ടാവില്ല. പ്രണയവും വിരഹവും കാത്തിരുപ്പും ഇടകലര്‍ന്ന ഓരോ അവസ്ഥകളെ ഓര്‍മിപ്പിക്കുന്ന സുന്ദരനാദമാണ് പ്രിയ ഗായിക ഇന്ത്യന്‍ സമൂഹത്തിന് സമ്മാനിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.