ന്യൂഡൽഹി: സംഘർഷം നിലനിൽക്കുന്ന സുഡാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടങ്ങിക്കഴിഞ്ഞതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഓപ്പറേഷൻ കാവേരി എന്നാണ് ദൗത്യത്തിന് പേര് നൽകിയിട്ടുള്ളത്. 500 ഓളം ഇന്ത്യക്കാരെ സുഡാനിലെ തുറമുഖ നഗരമായ പോർട്ട് സുഡാനിൽ എത്തിച്ചുകഴിഞ്ഞു. ഇനിയും കൂടുതൽപേരെ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ കപ്പലുകളും വിമാനങ്ങളും അയച്ചുകഴിഞ്ഞുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
രണ്ട് വിമാനങ്ങൾ സൗദി അറേബ്യയിലെ ജിദ്ദയിൽ തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നും കപ്പൽ സുഡാൻ തീരത്തേക്ക് അയച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വ്യോമസേനയുടെ സി-130 ജെ വിമാനങ്ങളും ഐഎൻഎസ് സുമേധ എന്ന കപ്പലുമാണ് സുഡാനിൽനിന്നുള്ള ഒഴിപ്പിക്കലിനായി ഇന്ത്യ ഉപയോഗിക്കുന്നത്.
ഏതാനും ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരെ ഫ്രാൻസ് സുഡാനിൽനിന്ന് ഒഴിപ്പിച്ചുവെന്ന റിപ്പോർട്ടുകളും അതിനിടെ പുറത്തുവന്നിരുന്നു. ഏപ്രിൽ 15നാണ് സുഡാനിലെ തലസ്ഥാനമായ ഖർതൂമിലും സമീപ പ്രദേശങ്ങളിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.