'അപകീര്‍ത്തി കേസിലെ വിധി സ്റ്റേ ചെയ്യണം': രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

'അപകീര്‍ത്തി കേസിലെ വിധി സ്റ്റേ ചെയ്യണം': രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

അഹമ്മദാബാദ്: അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന് വിധിച്ച സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു.

വിധിക്കെതിരെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.

രണ്ട് അപേക്ഷകളാണ് സൂറത്ത് സെഷന്‍സ് കോടതിയില്‍ രാഹുലിന്റെ അഭിഭാഷകര്‍ സമര്‍പ്പിച്ചിരുന്നത്. ഒന്ന് ശിക്ഷ സ്റ്റേ ചെയ്യാനും രണ്ടാമത്തേത് അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ ശിക്ഷ സ്റ്റേ ചെയ്യാനുമാണ്.

വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരുകയാണ്. അപകീര്‍ത്തി പരാമര്‍ശത്തില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രാഹുലിനെ രണ്ടു വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. ഇതേ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ലോക്സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കപ്പെട്ടത്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവേ, 'എല്ലാ കള്ളന്മാര്‍ക്കും മോഡി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്' രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് കേസിനാധാരം.

ഗുജറാത്തിലെ ബിജെപി നേതാവ് പൂര്‍ണേഷ് മോഡി നല്‍കിയ പരാതിയിലാണ് രാഹുല്‍ ഗാന്ധിയെ കോടതി ശിക്ഷിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.