തെളിവ് കിട്ടിയാല്‍ നിയമ നടപടി; സിനിമാ മേഖലയിലെ മയക്കുമരുന്ന് സ്വാധീനം ഞെട്ടലുണ്ടാക്കിയെന്ന് മന്ത്രി സജി ചെറിയാന്‍

തെളിവ് കിട്ടിയാല്‍ നിയമ നടപടി; സിനിമാ മേഖലയിലെ മയക്കുമരുന്ന് സ്വാധീനം ഞെട്ടലുണ്ടാക്കിയെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സിനിമാ മേഖലയിലെ മയക്കുമരുന്ന് സ്വാധീനം ഞെട്ടലുണ്ടാക്കിയെന്ന് മന്ത്രി സജി ചെറിയാന്‍. സര്‍ക്കാര്‍ വിഷയം ഗൗരവത്തോടെയാണ് കാണുന്നത്. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക കിട്ടിയാല്‍ നിയമ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ലഹരി ഉപയോഗത്തിന്റെ പേരില്‍ രണ്ടുപേര്‍ക്കെതിരെ സിനിമാ മേഖലയിലെ സംഘടനകള്‍ നടപടിയെടുത്തിരുന്നു. സംഘടനയുടെ തീരുമാനത്തോടൊപ്പമാണ് നില്‍ക്കാന്‍ കഴിയുകയെന്ന് മന്ത്രി പറഞ്ഞു. അവര്‍ ആ തെറ്റു തിരുത്തി സിനിമാ രംഗത്തു സജീവമാകുന്നതിന് ആരും എതിരല്ല. സിനിമാ മേഖലയുടെ പ്രവര്‍ത്തനം സുഗമമായി പോകാന്‍ നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഷൂട്ടിങ് നടക്കുന്ന എല്ലായിടത്തും പോയി പരിശോധിക്കാന്‍ കഴിയില്ല. ഇങ്ങനെയുള്ള പരാതി രേഖാമൂലം ലഭിച്ചാല്‍ എക്സൈസ് മന്ത്രിയുമായും മുഖ്യമന്ത്രിയുമായും സംസാരിച്ച് ശക്തമായ നടപടി സ്വീകരിക്കും. ആരെങ്കിലും മയക്കുമരുന്ന് വില്‍ക്കുന്നു, മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നു പറഞ്ഞിട്ടു കാര്യമില്ല. തെളിവു സഹിതം സര്‍ക്കാരിനെ അറിയിക്കണം. അങ്ങനെയെങ്കില്‍ ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

സിനിമ മേഖലയില്‍ പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ ആളുകള്‍ തയ്യാറാകുന്നുണ്ട്. അപ്പോള്‍ എല്ലാവരും യോജിച്ച് കൂട്ടായി ഇന്‍ഡസ്ട്രിയെ നല്ല നിലയില്‍ കൊണ്ടുപോകാന്‍ ശ്രദ്ധിക്കണം. സംവിധായകനെ അടക്കം ബഹുമാനിക്കുകയോ, അവര്‍ പറയുന്നത് അനുസരിക്കുകയോ ചെയ്യാത്തതടക്കം കുറേ ആക്ഷേപങ്ങള്‍ വന്നിട്ടുണ്ട്. അതുവെച്ചാണ് സിനിമാ സംഘടനകള്‍ യുവതാരങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. നിലവിലെ വിലക്ക് മുന്നോട്ട് പോകട്ടെ. നമുക്ക് നോക്കാമെന്നും മന്ത്രി പറഞ്ഞു.

ആ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഒരു ബൈലോയുണ്ട്. അതുപ്രകാരം പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്തം ഈ മേഖലയിലുള്ള എല്ലാവര്‍ക്കുമുണ്ട്. മൊത്തത്തില്‍ സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്നവരെ സംയോജിപ്പിച്ച് കോണ്‍ക്ലേവ് നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ടെക്നിഷ്യന്മാരുടെ അടക്കം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്ത്രീകള്‍ അടക്കം ധാരാളം പേരാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്‍ഡസ്ട്രിയില്‍ സുരക്ഷിതത്വത്തിന്റെ പ്രശ്നമുണ്ട്. അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.