ലൈംഗികാതിക്രമ ആരോപണം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം ആവശ്യമെന്ന് സോളിസിറ്റര്‍ ജനറല്‍

ലൈംഗികാതിക്രമ ആരോപണം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം ആവശ്യമെന്ന് സോളിസിറ്റര്‍ ജനറല്‍

ന്യൂഡല്‍ഹി: റെസ്‌ളിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരെ വനിതാ ഗുസ്തിതാരങ്ങള്‍ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങളില്‍ പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം ആവശ്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ (എസ്ജി) തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. പ്രാഥമിക അന്വേഷണം ആവശ്യമെന്ന് ഡല്‍ഹി പോലീസും വ്യക്തമാക്കിയിരുന്നു. തങ്ങള്‍ക്ക് നീതി നിഷേധിക്കുന്നുവെന്നാരോപിച്ച് ജന്തര്‍മന്തറില്‍ സമരം തുടരുന്ന ഗുസ്തി താരങ്ങള്‍ അവിടെതന്നെ പരിശീലനവും തുടരുകയാണ്.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ഗുസ്തിക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും സുപ്രീം കോടതിയുടെ പരിഗണന ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞിരുന്നു. ഗുസ്തിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സുപ്രീം കോടതിയില്‍ ഹാജരായത്.

ഡല്‍ഹി പോലീസിനു വേണ്ടി ഹാജരായ എസ്.ജി മേത്ത സംഭവത്തില്‍ ചില പ്രാഥമിക അന്വേഷണം ആവശ്യമായി വന്നേക്കാമെന്നും കോടതി ഉത്തരവിട്ടാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന നിലപാട് അറിയിച്ചത്. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ്.രവീന്ദ്ര ഭട്ട്, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം താരങ്ങള്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസിനും ബന്ധപ്പെട്ട കക്ഷികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അന്വേഷണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.