വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടന്ന കര്‍ദിനാള്‍മാരുടെ കൗണ്‍സില്‍ ദ്വിദിന യോഗത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന യുദ്ധങ്ങള്‍, സഭയുടെ ഭാഗത്തുനിന്ന് ഐക്യത്തിനും സമാധാനത്തിനുമായുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത തുടങ്ങിയ
വിഷയങ്ങള്‍ ചര്‍ച്ചയായി.
ഏപ്രില്‍ 24, 25 തീയതികളിലായി നടന്ന കൗണ്‍സിലിന്റെ എല്ലാ യോഗങ്ങളിലും അംഗങ്ങളായ കര്‍ദിനാള്‍മാര്‍, കൗണ്‍സില്‍ സെക്രട്ടറി എന്നിവര്‍ക്കൊപ്പം ഫ്രാന്‍സിസ് മാര്‍പ്പാപ്പയും സന്നിഹിതനായിരുന്നുവെന്ന് വത്തിക്കാന്‍ മാധ്യമ കാര്യാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു.
ലോകത്തിന്റെ പല ഭാഗങ്ങളിലും നിലനില്‍ക്കുന്ന യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും സാഹചര്യങ്ങളെയും അതിനെതിരെ എല്ലാ സഭയുടെയും ഭാഗത്തു നിന്ന് ഉയര്‍ന്നു വരേണ്ട സമാധാനത്തിനായുള്ള ശ്രമങ്ങളെയും കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍ പ്രധാനമായും നടന്നതെന്ന് പ്രസ്താവനയില്‍ വിശദീകരിക്കുന്നു.
കര്‍ദിനാള്‍മാര്‍ ഉള്‍പ്പെടുന്ന വിവിധ ഭൂപ്രദേശങ്ങളിലെ സാമൂഹിക-രാഷ്ട്രീയ, സഭാ സാഹചര്യങ്ങള്‍ക്ക് പുറമേ, ഒക്ടോബറില്‍ വത്തിക്കാനില്‍ നടക്കാനിരിക്കുന്ന മെത്രാന്‍മാരുടെ സിനഡിനു വേണ്ടിയുള്ള ഒരുക്കങ്ങളും ചര്‍ച്ചയുടെ ഭാഗമായി.
പുതിയ അപ്പോസ്‌തോലിക ഭരണഘടന 'പ്രെദിക്കാത്തെ എവഞ്ചേലിയും' (Praedicate Evangelium) നടപ്പാക്കാനായി ഇതുവരെ സ്വീകരിച്ച നടപടികളും അതോടനുബന്ധിച്ച് റോമന്‍ കൂരിയയില്‍ വിവിധ തലങ്ങളില്‍ നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളും പ്രത്യേക പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെട്ടു.
കര്‍ദിനാള്‍മാരുടെ കൗണ്‍സിലിന്റെ അടുത്ത സമ്മേളനം ഈ വര്‍ഷം ജൂണില്‍ നടത്താന്‍ തീരുമാനിച്ചതായും പ്രസ്താവനയില്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26