ദൗത്യം നീളും: അരിക്കൊമ്പനെ കണ്ടെത്താനായില്ല; കണ്ടത് ചക്കക്കൊമ്പനെ

ദൗത്യം നീളും: അരിക്കൊമ്പനെ കണ്ടെത്താനായില്ല; കണ്ടത് ചക്കക്കൊമ്പനെ

ഇടുക്കി: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നീണ്ടേക്കും. അരിക്കൊമ്പനെ കണ്ടെത്താനായിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. രാവിലെ 6.30 ഓടെ ദൗത്യസംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്പനെയാണെന്ന് ആര്‍ആര്‍ടി സംഘം സ്ഥിരീകരിച്ചു. ഇത് അരിക്കൊമ്പനാണെന്ന് തെറ്റിദ്ധരിച്ചതാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

മുറിവാലനെയും മൊട്ടവാലനെയും കണ്ടെത്തിയെങ്കിലും അരിക്കൊമ്പനെ കണ്ടെത്താനായില്ല. അരിക്കൊമ്പന്‍ ഉള്‍ക്കാട്ടിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ആര്‍ആര്‍ടി സംഘം കാട്ടില്‍ അരിക്കൊമ്പനായുള്ള തിരച്ചില്‍ തുടരുകയാണ്.

അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ വിദഗ്ധരെയും കുങ്കിയാനകളെയും പ്രദേശത്തെത്തിച്ചിരുന്നു. ഉള്‍ക്കാട്ടില്‍ അരിക്കൊമ്പനെ കണ്ടെത്തിയാല്‍ മയക്കുവെടി വെക്കുക ദുഷ്‌കരമാണ്. മയക്കു വെടിയേറ്റാല്‍ അരിക്കൊമ്പന്‍ എങ്ങോട്ടു പോകുമെന്നത് ദൗത്യത്തില്‍ നിര്‍ണായകമാണ്. വാഹനം എത്താത്ത പ്രദേശത്താണെങ്കില്‍ ദൗത്യം വീണ്ടും ദുഷ്‌കരമാകും.

അതേസമയം അരിക്കൊമ്പനെ ഇന്ന് തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കാലാവസ്ഥ അനുകൂലമാണ്. അരിക്കൊമ്പനെ ഒറ്റയ്ക്ക് കിട്ടുക എന്നത് ശ്രമകരമായ ദൗത്യമാണ്. അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം വെളിപ്പെടുത്താനാകില്ല. സ്ഥലം സംബന്ധിച്ച് മുദ്രവച്ച കവറില്‍ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അരിക്കൊമ്പനെ പിടിക്കാനായി പുലര്‍ച്ചെ നാലേ മുക്കാലോടെയാണ് ദൗത്യസംഘം കാടുകയറിയത്. വനംവകുപ്പിന്റെ വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ നൂറ്റമ്പതോളം പേരാണ് ദൗത്യസംഘത്തിലുള്ളത്. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ നാലര മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

അരിക്കൊമ്പനെ 2017 ല്‍ ഏഴുതവണ മയക്കുവെടി വെച്ചിരുന്നെങ്കിലും കുങ്കികളെ ഉപയോഗിച്ച് തളയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. മയക്കുവെടി വച്ചിട്ടും പൂര്‍ണമായി മയങ്ങാതിരുന്ന അരിക്കൊമ്പന്റെ കരുത്തിനു മുന്നില്‍ അന്ന് വനം വകുപ്പിന്റെ പദ്ധതികള്‍ പൂര്‍ണമായും പരാജയപ്പെടുകയായിരുന്നു. പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷമാണ് അരിക്കൊമ്പന്‍ ജനവാസ മേഖലയില്‍ എത്തുന്നത്. അന്ന് രണ്ട് കുങ്കികള്‍ മാത്രമായിരുന്നു. ഇപ്പോള്‍ നാല് കുങ്കിയാനകളുമായാണ് വനം വകുപ്പ് പദ്ധതി തയാറാക്കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.