സ്വപ്ന മൊഴികളില്‍ ഉറക്കമില്ലാതെ ഉന്നതര്‍; ബുര്‍ജ് ഖലീഫയിലെ സല്ലാപവും പൊല്ലാപ്പാകും

സ്വപ്ന മൊഴികളില്‍ ഉറക്കമില്ലാതെ ഉന്നതര്‍; ബുര്‍ജ് ഖലീഫയിലെ സല്ലാപവും പൊല്ലാപ്പാകും

കൊച്ചി: യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനലിലൂടെ രാഷ്ട്രീയ പ്രമുഖര്‍ ഉള്‍പ്പടെ ഉന്നതരുടെ കളളപ്പണം ഡോളര്‍ ആയി വിദേശത്തേക്കു കടത്തിയ റിവേഴ്‌സ് ഹവാലയെക്കുറിച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഊര്‍ജിതമാക്കി.

റിവേഴ്‌സ് ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ചില മന്ത്രിമാരും ഭരണഘടനാ പദവിയിലുള്ള ഉന്നതനും സിനിമാ താരവും ഉള്‍പ്പെടെ പ്രമുഖരുടെ പേരുകള്‍ കസ്റ്റംസിനോട് വെളിപ്പെടുത്തിയ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും പി.എസ്. സരിത്തിനെയും ഇ.ഡി ഉടന്‍ ചോദ്യം ചെയ്യും. അനധികൃത ഇടപാടുകളിലൂടെയും കോഴയായും ലഭിച്ച നൂറു കോടിയിലധികം രൂപ സ്വപ്നയുടെയും സന്ദീപിന്റെയും സഹായത്തോടെ ചില ഉന്നതര്‍ യു.എ.ഇയിലേക്കു കടത്തിയ റിവേഴ്‌സ് ഹവാലാ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

ഈ ഉന്നതരുടെ വിദേശത്തേതടക്കം കള്ളപ്പണ, ബിനാമി നിക്ഷേപവും ഇടപാടുകളും പ്രത്യേകം കേസെടുത്ത് അന്വേഷിക്കാനാണ് ഇ.ഡിയുടെ നീക്കം. ഇതിന്റെ ഭാഗമായി സ്വപ്നയെയും സരിത്തിനെയും മൂന്നു ദിവസം ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഇ.ഡി ഇന്നലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. നിയമസഭാ സ്പീക്കറുടെ ഉള്‍പ്പെടെ പേരുകള്‍ ആരോപണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടതിനു പിന്നാലെയാണ് സംഭവത്തെക്കുറിച്ച് വിശദ അന്വേഷണത്തിന് ഇ.ഡി അടിയന്തിര പ്രാധാന്യം നല്‍കുന്നത്.

ദുബായിലെ ബുര്‍ജ് ഖലീഫയില്‍ സ്വപ്നയുമൊത്ത് ഉന്നതനെടുത്ത ചിത്രങ്ങള്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ വീണ്ടെടുത്തിട്ടുണ്ട്. ദുബായിലെ ഭരണക്രമം പഠിക്കാന്‍ കോണ്‍സുലേറ്റിന്റെ ചെലവില്‍ ചില ഉന്നതരെ സ്വപ്നയും സംഘവും യു.എ.ഇയില്‍ എത്തിച്ചതിന്റെ വിവരങ്ങളും കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചു. മൂന്നുവര്‍ഷമായി സ്വപ്നയും സംഘവും റിവേഴ്‌സ് ഹവാല ഇടപാട് നടത്തിവന്നതായാണ് കണ്ടെത്തല്‍.

ഉന്നതരുടെ ഉറക്കം കെടുത്തുന്ന വെളിപ്പെടുത്തലുകളാണ് സ്വപ്‌നയും സരിത്തും കസ്റ്റംസിനോട് നടത്തിയത്. ചില മന്ത്രിമാരുടെ വിദേശത്തെ സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും സ്വപ്ന കസ്റ്റംസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു മന്ത്രിയുടെ രണ്ടു മക്കള്‍ അന്വേഷണ പരിധിയിലാണ്.

ലൈഫ് കോഴ ഇടപാടുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയുടെ മകന്റെ ഭാര്യാ പിതാവിന്റെ ഇടപാടുകളെക്കുറിച്ചും അന്വേഷണമുണ്ടാകും. പൊലീസുമായി ബന്ധപ്പെട്ട വന്‍ ഇടപാടിലും ഈ മന്ത്രി ബന്ധു സംശയമുനയിലാണ്. ഷാര്‍ജയില്‍ അന്താരാഷ്ട്ര സര്‍വകലാശാല സ്ഥാപിക്കാനാണ് മറ്റൊരു ഉന്നതന്‍ ഒരുങ്ങിയത്. ഒരു വന്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസിക്കായി ചര്‍ച്ചകളും പണമിടപാടുകളും നടത്തിയതായും സ്വപ്നയുടെ വെളിപ്പെടുത്തലിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.