'കക്കുകളി'യും 'കേരള സ്റ്റോറി'യും പിന്നെ രാഷ്ട്രീയ നേതാക്കളുടെ ഇരട്ടത്താപ്പും

'കക്കുകളി'യും 'കേരള സ്റ്റോറി'യും പിന്നെ രാഷ്ട്രീയ നേതാക്കളുടെ ഇരട്ടത്താപ്പും

കൊച്ചി: ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്ക സന്യാസത്തെയും വികലമായി അവതരിപ്പിക്കുന്ന 'കക്കുകളി' എന്ന നാടകത്തിനും മത തീവ്രവാദം മുഖ്യ പ്രമേയമാക്കി അവതരിപ്പിക്കുന്ന 'കേരള സ്റ്റോറി' എന്ന സിനിമയ്ക്കും ആവിഷ്‌കാര സ്വാതന്ത്രയത്തിന്റെ പേരില്‍ ഇരട്ടത്താപ്പ് നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്കും സാംസ്‌കാരിക നായകര്‍ക്കുമെതിരെ വിമര്‍ശനം ശക്തമാകുന്നു.

ക്രൈസ്തവ സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്ന 'കക്കുകളി' എന്ന നാടകത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ ഇടതുപക്ഷ രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങളും നാടകത്തിനെതിരെ ഒന്നും ഉരിയാടാതിരുന്ന വലതുപക്ഷ രാഷ്ട്രീയക്കാരും 'കേരള സ്റ്റോറി' എന്ന സിനിമയ്‌ക്കെതിരെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഉറഞ്ഞു തുള്ളുന്നതിന് പിന്നില്‍ വോട്ടു ബാങ്ക് രാഷ്ട്രീയമെന്ന് വ്യക്തം.

വിവിധ രാജ്യങ്ങളില്‍ നിന്ന് ഏതാണ്ട് 32,000 പേരോളം ഇസ്ലാമിക ഭീകര സംഘടനയായ ഐ.എസില്‍ ചേര്‍ന്നിട്ടുണ്ടെന്ന് സിനിമയിലെ ഒരു കഥാപാത്രം പറയുന്നത് കേരളത്തില്‍ നിന്നും അത്രയും പേര്‍ പോയി എന്നാണ് സിനിമയില്‍ പറയുന്നതെന്ന് വളച്ചൊടിച്ചാണ് പലരും വിമര്‍ശനമുയര്‍ത്തുന്നത്. സിനിമയുടെ മൂന്നു മിനിറ്റില്‍ താഴെ വരുന്ന ട്രെയ്ലര്‍ മാത്രം കണ്ടാണ് സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയിട്ടുള്ളത്.

കേരളത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും തുടരുന്ന 'ലൗ ജിഹാദ്' എന്ന പ്രണയക്കെണികള്‍, ഇതിന്റെ അണിയറക്കാരും ചില തീവ്രവാദ സംഘനകളും തമ്മിലുള്ള ബന്ധം, കേരളത്തില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി അനേകര്‍ പോകുന്നത് തുടങ്ങിയവയാണ് 'കേരള സ്റ്റോറി' എന്ന ചലച്ചിത്രത്തിന്റെ പ്രമേയം എന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമ മതവികാരം വ്രണപ്പെടുത്തുന്നതും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണന്നും സിനിമയ്‌ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് നേതാക്കന്‍മാരും മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് അപലപിക്കുന്ന സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയവരോടും 'കക്കുകളി' എന്ന വിവാദ നാടകവും ഇതേ ഗണത്തില്‍ പൊടുത്തേണ്ടതല്ലേ എന്ന ചോദ്യമുയരുന്നു.


നാടകത്തിനെതിരെ ക്രൈസ്തവ സമൂഹം ശക്തമായ പ്രതിഷേധമുയര്‍ത്തിയിട്ടും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളും പിന്തുണയുമായി വന്നില്ല. മറിച്ച്, കത്തോലിക്കാ സഭ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നുവെന്ന വാദമുയര്‍ത്തി ക്രൈസ്തവരെ വിമര്‍ശിക്കാനാണ് പലരും ശ്രമിച്ചത്.

മാത്രമല്ല ആ വിവാദ നാടകത്തിന് കൂടുതല്‍ വേദികള്‍ നല്‍കുമെന്ന് ഇടതുപക്ഷ അനുകൂല സംഘടനകള്‍ പ്രഖ്യാപികയും അവരുടെ പിന്തുണയില്‍ നാടകം കൂടുതല്‍ വേദികളില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്.

ആതുര ശുശ്രൂഷാ രംഗത്തും വിദ്യാഭ്യാസ മേഖലയിലും കാരുണ്യ പ്രവര്‍ത്തനങ്ങളിലും തിരിച്ചു വ്യത്യാസമില്ലാതെ സമൂഹത്തില്‍ നന്മ ചെയ്യുന്ന സമര്‍പ്പിത സമൂഹത്തെ അവഹേളിക്കുന്ന 'കക്കുകളി' നാടകത്തെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന് വിശേഷിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ 'കേരള സ്റ്റോറി'യുടെ ട്രെയിലറിന് പിന്നാലെയുണ്ടാക്കുന്ന പ്രതിഷേധം ഇരട്ടത്താപ്പിന്റെ പ്രകടമായ ഉദാഹരണമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.