ന്യൂഡല്‍ഹി: വികസന വിഷയങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്യും. രാവിലെ പതിനൊന്ന് മണിക്കാണ് നൂറാം എപ്പിസോഡ് സംപ്രേഷണം ചെയ്യുക. ഐക്യരാഷ്ട്രസഭ ട്രസ്റ്റീഷിപ്പ് കൗണ്‍സില്‍ ചേമ്പറിലും മന്‍ കി ബാത്ത് പ്രക്ഷേപണം ചെയ്യും.
യൂറോപ്യന്‍ സമയം പുലര്‍ച്ചെ 1.30നാണ് യുഎന്‍ ആസ്ഥാനത്തെ തത്സമയ സംപ്രേക്ഷണം. ന്യൂജേഴ്‌സിയിലെ ഇന്ത്യന്‍-അമേരിക്കന്‍, കുടിയേറ്റ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്കായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകള്‍ക്കൊപ്പം ചേര്‍ന്ന് നൂറാം എപ്പിസോഡിന്റെ സംപ്രേക്ഷണം നടത്തും.
2014 ഒക്ടോബര്‍ മൂന്നിനാണ് ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്‍ കി ബാത്ത് അവതരിപ്പിച്ചത്. എല്ലാ മാസവും അവസാന ഞായറാഴ്ച സംപ്രേഷണം ചെയ്യുന്ന മന്‍ കി ബാത്ത് നൂറാം എപ്പിസോഡിലേക്ക് എത്തുമ്പോള്‍ കേരളത്തിന് ഓര്‍മ്മിക്കാനും പ്രചോദന കഥകളേറെയാണ്.
ശബരിമല ക്ഷേത്ര പരിസരത്തെ ശുചിത്വ ചിന്ത മുതല്‍ വറ്റിവരണ്ട കുട്ടമ്പേരൂര്‍ നദിയുടെ പുനരുജീവനം വരെ വലുതും ചെറുതുമായ സംഭവങ്ങളും വ്യക്തികളുടെയും സ്ഥാപനങ്ങളുടേയും നേട്ടങ്ങളും എല്ലാം പ്രതിമാസ പരിപാടിയില്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി അവതരിപ്പിച്ചു.
ശാരീരിക പരിമിതികള്‍ വകവയ്ക്കാതെ വേമ്പനാട്ട് കായലില്‍ നിന്ന് പ്ലാസ്റ്റിക്ക് വാരുന്ന എന്‍.എസ്. രാജപ്പന്‍, കടുത്ത വേനലില്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മണ്‍ പാത്രത്തില്‍ വെള്ളം കരുതുന്ന മുപ്പട്ടം സ്വദേശി നാരായണന്‍, പഴയ വസ്ത്രങ്ങള്‍ തുന്നിയൊരുക്കിയും തടിക്കഷ്ണങ്ങള്‍ രാകി മിനുക്കിയും കളിപ്പാട്ടങ്ങളൊരുക്കുന്ന എറണാകുളം സെന്റ് തെരേസാസ് കോളജിലെ കുട്ടികള്‍ അങ്ങനെ കേരളത്തില്‍ നിന്ന് ഒട്ടേറെ പേര്‍ പലപ്പോഴായി പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തില്‍ കടന്നുവന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.