കുട്ടനാടിന്റെ പ്രിയപുത്രന്‍ പായ്‌വഞ്ചിയിലേറി ലോകനെറുകയില്‍' അഭിമാനത്തോടെ പിതാവും, തിരികെ വരുന്നതും കാത്ത് മാതാവും

കുട്ടനാടിന്റെ പ്രിയപുത്രന്‍ പായ്‌വഞ്ചിയിലേറി ലോകനെറുകയില്‍' അഭിമാനത്തോടെ പിതാവും, തിരികെ വരുന്നതും കാത്ത് മാതാവും

* ഉദയംപേരൂര്‍ കണ്ടനാട് സുരഭി നഗറില്‍ ലഫ്. കമാന്‍ഡര്‍ വി.സി ടോമിയുടെയും വത്സമ്മയുടെയും ആനന്ദത്തിന് അതിര്‍ വരമ്പില്ല.

കൊച്ചി: കഴിഞ്ഞു പോയത് മാനസിക സംഘര്‍ഷത്തിന്റെ ദിനങ്ങളെന്ന് അഭിലാഷ് ടോമിയുടെ അമ്മ വത്സമ്മ. മാനത്ത് കാര്‍മേഘം ഉരുണ്ടു കൂടുമ്പോള്‍ മനസില്‍ ഭയം ഓടിയെത്തിയ ദിനങ്ങള്‍. കടലിരമ്പുമെന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നെഞ്ചില്‍ നീറ്റല്‍ ... തങ്ങളുടെ ജീവന്റെ ജീവനായ മകന്‍ കടല്‍ തിരയെയും കടല്‍കാറ്റിനെയും വകഞ്ഞുമാറ്റി ഗോള്‍ഡണ്‍ ഗ്ലോബ് റേസില്‍ മിന്നും പ്രകടനം നടത്തി കര തൊട്ടപ്പോള്‍ അഭിലാഷ് ടോമി എന്ന പായ് വഞ്ചി തുഴച്ചില്‍കാരനായ നാവികന്റെ മാതാപിതാക്കളുടെ കണ്ണില്‍ സന്തോഷാശ്രു. പിതാവിന്റെ വീട് ആലപ്പുഴയായതിനാല്‍ വെള്ളവും കായലും വള്ളങ്ങളും എന്നും അഭിലാഷ് ടോമിക്ക് പ്രിയമുള്ളവയാണ്. നെടുങ്കുന്നത്തെ കൈത്തോടുകളും അദേഹത്തിന് ഹരം പകര്‍ന്നിരുന്നു.

ഒരു ഏഷ്യക്കാരനും ഇതുവരെയും സാധിക്കാതിരുന്ന ഒരു നേട്ടം ഞങ്ങളുടെ മകന്‍ സ്വന്തമാക്കിയപ്പോള്‍ ഏതു മാതാപിതാക്കളെ പോലെയുള്ള ഒരു അഭിമാനവും സന്തോഷവും ഞങ്ങള്‍ക്കും ഉണ്ടായി. അവന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്ന ഈ മുഹൂര്‍ത്തം മാതാപിതാക്കളായ ഞങ്ങളുടെ ജീവിതവും ധന്യമായി. എപ്പോഴും ഞങ്ങള്‍ പറയും ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ എന്നതല്ല; കണ്‍പോളകളെ ഉറക്കം തടുക്കാത്ത ദിനങ്ങളായിരുനെന്ന് അമ്മ വത്സമ്മ പറയുമ്പോള്‍ കണ്ണുകളില്‍ ഈറനടിയുമ്പോഴും വിജയശ്രീലാളിതനായ മകനെ നേരില്‍ കണ്ട ആശ്വാസവും സന്തോഷവും ഇടപഴകിയത് ആ വാക്കുകളില്‍ പ്രതിഫലിച്ചിരുന്നു.



ഇനിയുള്ള കാത്തിരിപ്പ് മകന്‍ വീട്ടിലേക്ക് എത്തുന്ന നിമിഷത്തിനാണ്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലുള്ള ചേന്നങ്കേരി സ്വദേശി ഗോള്‍ഡന്‍ ഗ്ലോബ് ഫിനിഷ് ചെയ്തപ്പോള്‍ മലയാളകരയ്ക്ക് ഒന്നാകെ അഭിമാനിക്കാതിരിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ സെപ്റ്റംബര്‍ നാലിനാണ് ഫ്രാന്‍സില്‍ നിന്നും മകന്‍ പുറപ്പെട്ടപ്പോഴാണ് വിളിച്ച് സംസാരിച്ചത്.

ലോകത്തിലെ ഏറ്റവും പ്രയാസമേറിയ യാച്ച് റേസുകളില്‍ ഒന്നായിട്ടാണ് ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സിനെ കണക്കാക്കുന്നത്. 2018ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടായ കൊടുങ്കാറ്റില്‍ യാച്ച് തകര്‍ന്നതിനാല്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.

മകന്‍ ആശ്വാസ തീരം അണയുമ്പോള്‍ അഭിലാഷ് എന്ന പേരിലെ അഭിലാഷം പൂര്‍ത്തിയായതിന്റെ ആഘോഷ ആരവത്തിനപ്പുറം മകനെ കണ്‍കുളിര്‍ക്കെ കാണുവാനുള്ള പെറ്റമ്മയുടെ കാത്തിരിപ്പിന്റെ ആഴവുമേറുന്നു. ലോകം മുഴുവന്‍ മകന്റെ നേട്ടം വാര്‍ത്തയാകുമ്പോള്‍ മാതൃത്വത്തിന്റെ സ്‌നേഹവാത്സല്യങ്ങള്‍ വാക്കുകളായി പുറത്തുവരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.