ചമ്പക്കുളം (ആലപ്പുഴ): ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പയുടെ ഇന്ത്യയിലെ സ്ഥാനപതി അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലെയോ പോള്‍ദോ ജില്ലിക്ക് ചമ്പക്കുളം കല്ലൂര്‍ക്കാട് ബസിലിക്കയില്‍ ഊഷ്മളമായ സ്വീകരണം. 2016-ല്‍ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തിയ ശേഷം ആദ്യമായി സന്ദര്‍ശനത്തിനെത്തിയ വത്തിക്കാന്‍ പ്രതിനിധിക്ക് പ്രൗഢഗംഭീരമായ സ്വീകരണമാണ് ഇടവക സമൂഹം ഒരുക്കിയത്.
രാവിലെ 6.45-ന് ഇടവക അതിര്‍ത്തിയില്‍ എത്തിയ ന്യൂണ്‍ഷ്യോയെ ഇടവകയിലെ യുവജനങ്ങള്‍ നയിച്ച ഇരുചക്ര വാഹനങ്ങളുടെയും ബാന്‍ഡ് മേളത്തിന്റെയും മുത്തുക്കുടകളേന്തിയ വിശ്വാസികളുടെയും കേരളീയ കലാരൂപങ്ങളുടെയും അകമ്പടിയോടെ ദേവാലയത്തിലേക്ക് ആനയിച്ചു.
ആര്‍ച്ച് ബിഷപ്പ് ലെയോ പോള്‍ദോ ജില്ലി, ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലിത്ത മാര്‍ ജോസഫ് പെരുന്തോട്ടം, സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവരെ ബസിലിക്ക റെക്ടര്‍ ഫാ. ഗ്രിഗറി ഓണംകുളത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. സ്വാഗത നൃത്തം, മാര്‍ഗംകളി, പരിചമുട്ടു കളി, മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിര, ചെണ്ടമേളം എന്നീ കലാരൂപങ്ങള്‍ വിശിഷ്ടാതിഥികള്‍ക്കായി അവതരിപ്പിച്ചു.
കല്ലൂര്‍ക്കാട് ബസിലിക്കയുടെ ചരിത്ര ശിലാഫലകം വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ലെയോ പോള്‍ദോ ജില്ലി അനാഛാദനം ചെയ്യുന്നു
തുടര്‍ന്ന് സഭയുടെ ഔദ്യോഗിക കാനോനിക സ്വീകരണം നല്‍കിയാണ് വിശിഷ്ടാതിഥികളെ ദേവാലയത്തിലേക്ക് ആനയിച്ചത്. കല്ലൂര്‍ക്കാട് ഇടവകാംഗംങ്ങള്‍ പങ്കെടുത്ത നിശ്ചല ദൃശ്യങ്ങള്‍, പേപ്പല്‍ പതാകകളും ബലൂണുകളും വഹിച്ച്, സുറിയാനി ക്രൈസ്തവരുടെ പരമ്പരാഗത വേഷമായ ചട്ടയും മുണ്ടും ധരിച്ച ഇടവക ജനങ്ങള്‍, നൂറ് അള്‍ത്താര ബാലന്മാര്‍ എന്നിവര്‍ സ്വീകരണ പരിപാടികളില്‍ മുഖ്യപങ്കു വഹിച്ചു.
കേരളത്തിലെ ബസിലിക്കകളില്‍ ഏറ്റവും പഴയ വിശ്വാസ സമൂഹമായ കല്ലൂര്‍ക്കാട് ബസിലിക്ക ഇടവക സന്ദര്‍ശിക്കുന്ന വത്തിക്കാന്‍ പ്രതിനിധി ഇടവകയുടെ ചരിത്ര ശിലാഫലകം അനാഛാദനം ചെയ്തു. ബസിലിക്ക റെക്ടര്‍ ഫാ. ഗ്രിഗറി ഓണംകുളം മൊെമന്റോ നല്‍കി ന്യൂണ്‍ഷ്യോയെ ആദരിച്ചു. മൂവായിരത്തിലധികം വിശ്വാസികള്‍ സ്വീകരണ പരിപാടികളിലും വിശുദ്ധ കുര്‍ബാനയിലും പങ്കെടുത്തു.
ചങ്ങനാശേരി അതിരൂപതയിലെ ആദ്യ ദേവാലയവും ആദ്യ ബസിലിക്കയുമാണ് കല്ലൂര്‍ക്കാട് ഇടവക. മാര്‍ത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ ഒന്നായ നിരണം ദേവാലയത്തില്‍ നിന്നും കുട്ടനാട്ടിലേക്ക് കൃഷിക്കും കച്ചവടത്തിനുമായി എത്തിച്ചേര്‍ന്ന വിശ്വാസി സമൂഹം കല്ലൂര്‍ക്കാട്ട് ഒരു ദേവാലയം സ്ഥാപിച്ച് തെക്കന്‍ കേരളത്തില്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും ചെയ്തു.
ക്രിസ്തുവര്‍ഷം 427 ല്‍ സ്ഥാപിതമായ ചമ്പക്കുളം കല്ലൂര്‍ക്കാട് ദൈവാലയം 1887-ല്‍ ഒരു ഫൊറോന ദൈവാലയമായി മാറി. 2016-ല്‍ പരിശുദ്ധ ഫ്രാന്‍സിസ് പാപ്പ കല്ലൂര്‍ക്കാട് പള്ളിയെ ഒരു മൈനര്‍ ബസിലിക്കയായി ഉയര്‍ത്തി. മാര്‍ത്തോമ്മായുടെ 1950 ാമത് രക്തസാക്ഷിത്വ ജൂബിലി ആഘോഷിക്കുമ്പോള്‍ ചങ്ങനാശേരി അതിരുപതയിലെ തോമാശ്ലീഹായുടെ വിശ്വാസത്തിന്റെ ആദ്യത്തെ പിന്‍മുറക്കാരെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്ന ചമ്പക്കുളം കല്ലൂര്‍ക്കാട് ബസിലിക്ക വത്തിക്കാന്‍ സ്ഥാനപതിയുടെ സന്ദര്‍ശനത്തോടെ ആദരിക്കപ്പെടുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26