പ്രശസ്ത സാഹിത്യകാരൻ യുഎ ഖാദര്‍ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ യുഎ ഖാദര്‍ അന്തരിച്ചു

കോഴിക്കോട്: നോവലിസ്റ്റും ചെറുകഥാകൃത്തുമായ യുഎ ഖാദര്‍ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു.

ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമായി മലയാളത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു യുഎ ഖാദര്‍. നോവലുകള്‍, കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കര്‍ത്താവായ ഖാദറിന്റെ 'തൃക്കോട്ടൂര്‍ പെരുമ' മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളില്‍ പ്രധാനപ്പെട്ടതാണ്. കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകള്‍ എന്നിവയാണ് പ്രധാനരചനകള്‍.

ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു. 'തൃക്കോട്ടൂര്‍ പെരുമ'യ്ക്ക് 1983ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും തൃക്കോട്ടൂര്‍ നോവലുകള്‍ക്ക് 2009ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. എസ്കെ പൊറ്റെക്കാട്ട് അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, സി എച്ച്‌ മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡ് എന്നിവ ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.