പഞ്ചാബിലെ വിഷവാതക ചോര്‍ച്ച: മരണം 11 ആയി, നാല് പേരുടെ നില ഗുരുതരം; ഇരകള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

പഞ്ചാബിലെ വിഷവാതക ചോര്‍ച്ച: മരണം 11 ആയി, നാല് പേരുടെ നില ഗുരുതരം; ഇരകള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ലുഥിയാന: പഞ്ചാബിലെ ലുഥിയാനയില്‍ ജനവാസ മേഖലയിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ മരണം 11 ആയി. മരിച്ചവരില്‍ മൂന്ന് കുട്ടികളും അഞ്ച് സ്ത്രീകളുമുണ്ട്.

ബോധം നഷ്ടപ്പെട്ട് ഗുരുതര നിലയിലായ നാല് പേര്‍ ഉള്‍പ്പെടെ 11 പേര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

ഞായറാഴ്ച്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. നിരവധി പേര്‍ വീടുകളിലും സമീപ പ്രദേശങ്ങളിലും തലകറങ്ങി വീഴുകയായിരുന്നു. അധികൃതര്‍ എത്തുമ്പോള്‍ പലരും ബോധരഹിതരായിരുന്നു. മൃതദേഹങ്ങളുടെ നിറം മാറിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. മരിച്ചവരില്‍ പലരും കുടിയേറ്റ തൊഴിലാളികളാണ്.

വാതകചോര്‍ച്ചയുടെ കൃത്യമായ ഉറവിടം വ്യക്തമായിട്ടില്ല. ഏത് വാതകമാണ് ചോര്‍ന്നതെന്നും അന്വേഷിച്ച് വരികെയാണ്. കെമിക്കല്‍, ബയോളജിക്കല്‍, റേഡിയോളിക്കല്‍, ന്യൂക്ലിയര്‍ വിദഗ്ദ്ധരായ 35 അംഗ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സമീപത്തെ ഫാക്ടറിയിലെ രാസമാലിന്യങ്ങള്‍ ഒഴുക്കുന്ന ഡ്രെയിനേജിന്റെ തകര്‍ന്ന മാന്‍ഹോളില്‍ നിന്ന് രൂക്ഷ ഗന്ധം പുറത്തേക്ക് തള്ളിയതായാണ് കണ്ടെത്തിയിരിക്കുന്നത്. പരിശോധനയ്ക്കായി മാന്‍ഹോളിലെ സാമ്പിളുകള്‍ ശേഖരിച്ചു.

അമ്പതംഗ ദേശീയ ദുരന്ത നിവാരണ സേനയും ഡോക്ടര്‍മാരുള്‍പ്പെടുന്ന മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുന്നു. പ്രദേശത്തെ ജനങ്ങളെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വാതക ചോര്‍ച്ച ഉണ്ടായ സമയത്ത് തന്നെ മിക്കവരും സ്വന്തം നിലയില്‍ ഒഴിഞ്ഞ് പോയിരുന്നു. സംഭവത്തില്‍ നരഹത്യക്ക് കേസെടുത്ത് അന്വേഷണം തുടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.