കോർപ്പറേറ്റ് ടാക്സ് ഒരുക്കങ്ങള്‍ വിലയിരുത്തി

കോർപ്പറേറ്റ് ടാക്സ്  ഒരുക്കങ്ങള്‍ വിലയിരുത്തി

ദുബായ്: യുഎഇയില്‍ ജൂണ്‍ 1 മുതല്‍ കോർപ്പറേറ്റ് ടാക്സ് ആരംഭിക്കാനിരിക്കെ ഫെഡറല്‍ ടാക്സ് അതോറിറ്റി ഒരുക്കങ്ങള്‍ വിലയിരുത്തി. യുഎഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബായ് ഒന്നാം ഉപഭരണാധികാരിയുമായ ഷെയ്ഖ്​ മക്​തൂം ബിൻ മുഹമ്മദ്​ അൽ മക്​തൂമിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ബോർഡ് ഓഫ് ഡയറക്ടേഴ്സിന്‍റെ രണ്ടാം യോഗമാണ് ഇത്.

ടാക്സ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി. അതോറിറ്റിയുടെ അഡ്വാൻസ്ഡ് ഇന്‍റഗ്രേറ്റഡ് ഡിജിറ്റൽ ടാക്സ് സർവീസ് പ്ലാറ്റ്‌ഫോമായ ഇമാറാടാക്‌സിനെ കുറിച്ചുളള അവലോകനവും യോഗത്തിൽ നടന്നു.

വ്യാപാരലാഭത്തിന്‍റെ 9 ശതമാനമാണ് കോർപ്പറേറ്റ് ടാക്സ്. എന്നാല്‍ 3,75,000 ദിർഹം വരെയുള്ള ലാഭത്തിന് നികുതിയില്ലെന്നും യുഎഇ ധനകാര്യമന്ത്രാലയം​ വ്യക്​തമാക്കിയിട്ടുണ്ട്. ചെറുകിട -ഇടത്തരം വ്യാപാരങ്ങളെ പ്രോത്സാഹിപ്പിക്കുയെന്നുളള ലക്ഷ്യത്തോടെയാണ് ഇളവ് നല്‍കിയത്.

ലൈസന്‍സുളളതോ അല്ലാത്തതോ ആയ വ്യാപാരത്തില്‍ നിന്നോ മറ്റ് വാണിജ്യപ്രവർത്തനങ്ങളില്‍ നിന്നോ ലഭിക്കുന്ന ലാഭത്തിനാണ് കോർപ്പറേറ്റ് ടാക്സ് ഈടാക്കുക. വ്യക്തികള്‍ സമ്പാദിക്കുന്ന മറ്റ് വരുമാനത്തിന് ടാക്സ് ഈടാക്കില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.