ഇലഞ്ഞി: കേരളത്തിന്റെ നവോത്ഥാനത്തിന് കത്തോലിക്കാ കോണ്‍ഗ്രസ് നല്‍കിയ സംഭാവനകള്‍ അതുല്യമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. കത്തോലിക്കാ കോണ്‍ഗ്രസിന്റെ നൂറ്റിയഞ്ചാം ജന്മദിന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇലഞ്ഞി ഫൊറോനാ പള്ളിയില്‍ നടന്ന സമ്മേളനം ഫാ. ജോസഫ് ഇടത്തുംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശാന്‍ ഇടയാക്കിയ ഉത്തരവാദിത്വപ്രക്ഷോഭം, മലയാളി മെമ്മോറിയല്‍, നിവര്‍ത്തന പ്രക്ഷോഭം എന്നിവയ്ക്ക് നേതൃത്വം കൊടുത്തത് കത്തോലിക്കാ കോണ്‍ഗ്രസാണ്. കര്‍ഷക താല്പര്യങ്ങള്‍ക്കുവേണ്ടി എക്കാലവും നിലനിന്നിട്ടുള്ള കത്തോലിക്കാ കോണ്‍ഗ്രസ് കുടിയിറക്കിനെതിരെ നടത്തിയ പ്രക്ഷോഭങ്ങള്‍ എന്നും സ്മരിക്കപ്പെടും. സമീപകാലത്ത് ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, ബഫര്‍ സോണ്‍ തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ സമരം വിജയം കണ്ടത് അഭിമാനാര്‍ഹമാണ്.
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെയും ആഗോള കരാറുകള്‍ക്കെതിരെയും കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ നടത്തേണ്ട സമയമാണ് എന്നും യോഗം വിലയിരുത്തി. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ കാര്‍ഷിക മേഖലയോടുള്ള കടുത്ത അവഗണനയ്‌ക്കെതിരെയും ക്രൈസ്തവ സന്യാസത്തെ അധിക്ഷേപിക്കുന്ന നാടകങ്ങള്‍ക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ക്കെതിരെയും സമ്മേളനം പ്രമേയം പാസാക്കി. മയക്കുമരുന്നിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായിട്ടുള്ള പോസ്റ്റര്‍ രചനാ മല്‍സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും, ലൈഫ് മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
രൂപതാ പ്രസിഡന്റ് ഇമ്മാനുവേല്‍ നിധീരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, രാജീവ് കൊച്ചുപറമ്പില്‍, ജോസ് വട്ടുകുളം, സാജു അലക്‌സ്, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍, ആന്‍സമ്മ സാബു, സാബു പൂണ്ടിക്കുളം, പയസ് കവളമാക്കല്‍, ജോണ്‍സണ്‍ ചെറുവള്ളി, ബേബി ആലുങ്കല്‍, ഫ്രാന്‍സീസ് കരിമ്പാനി, ജോസ് ജോസഫ് മലയില്‍, ജെയിംസ് കുറ്റിക്കോട്ടയില്‍, ജോസഫ് നരിക്കുന്നേല്‍, ബെന്നി കൊഴുപ്പംകുറ്റി, എഡ്വിന്‍ പാമ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26