ആയുർവേദ ശസ്ത്രക്രിയ ; ആശയം നല്ലത് പ്രയോഗം ദുഷ്‌കരം

ആയുർവേദ ശസ്ത്രക്രിയ ;  ആശയം നല്ലത്  പ്രയോഗം ദുഷ്‌കരം

മഹാഭാരതത്തിൽ പരാമർശിക്കപ്പെടുന്ന 'ശുശ്രുത'എന്ന പുരാതന ഭാരതത്തിലെ ചികിത്സാചാര്യൻ വിശ്വാമിത്ര മഹർഷിയുടെ പുത്രനാണെന്നാണ് പാരമ്പര്യം. 'സുശ്രുത സംഹിത' എന്ന വൈദ്യഗ്രന്ഥവും അദ്ദേഹത്തിന്റേതാണെന്നു കരുതപ്പെടുന്നു . ശസ്ത്രക്രിയയുടെ പിതാവ് എന്ന് കരുതപ്പെടുന്ന ഇദ്ദേഹം ക്രിസ്തുവിന് ആറു നൂറ്റാണ്ടു മുൻപായി ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു . ശുശ്രുത എന്നത് ഒരു വ്യക്തിയുടെ നാമം അല്ലെന്നും ഗോത്ര നാമം ആണെന്നും ചില ഇൻഡോളജിസ്റ്റുകൾ കരുതുന്നു . മൂക്കിലെ ഒരു സർജറിയുമായി ബന്ധപ്പെട്ടാണ് ശുശ്രുതയെ 'പ്ലാസ്റ്റിക് സർജറിയുടെ പിതാവ് 'എന്ന് പോലും വിശേഷിപ്പിക്കപ്പെടുന്നത് .

1970കളിൽ ബംഗ്ലാദേശിലെ നഗ്നപാദ ഡോക്ടർ സഫറുള്ള ചൗധരി അടിസ്ഥാന വിദ്യാഭ്യാസമുള്ളവർക്ക് പ്രത്യേക പരിശീലനം നൽകി, അണുവിമുക്ത പ്രക്രിയയിലൂടെ ചെറിയ ശസ്ത്ര ക്രിയകൾ വരെ നടത്തിയെന്ന് വാർത്തയുണ്ടായിരുന്നു. മെഡിക്കൽ കോളേജുകളിലെ പരിശീലനം ആ നഗ്നപാദ ഡോക്ടർമാർക്ക് ലഭിച്ചിരുന്നില്ലെങ്കിലും ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ തത്വങ്ങൾ (രോഗനിർണ്ണയം ,രോഗാണുബാധ പ്രതിരോധം ,ശാസ്ത്രക്രിയനാന്തര ശുശ്രൂഷ)പാലിച്ചിരുന്നതിനാൽ വലിയ പാളിച്ചകൾ ഉണ്ടായില്ല . എങ്കിലും മനുഷ്യ ജീവന്റെ രക്ഷയെ പ്രതി കർശനമായ സർജിക്കൽ പ്രോട്ടോക്കോൾ പാലിച്ച് ശസ്ത്രക്രിയ നടത്തിത്തുടങ്ങി. ശസ്ത്ര ക്രിയയുടെ ചെലവ് മാത്രമല്ല രോഗിയുടെ ജീവരക്ഷയും പ്രധാനപ്പെട്ടതാണല്ലോ .

എം ബി ബി എസ് ബിരുദപഠന വേളയിൽത്തന്നെ രണ്ടു ഘട്ടങ്ങളിലായി സർജറി വിഭാഗത്തിലെ പഠനത്തിലൂടെ ,ശസ്ത്രക്രിയയുടെ അടിസ്ഥാന ശാസ്ത്രം, അനസ്തേഷ്യ പഠനം എന്നിവയുടെ പ്രായോഗിക ഭാഗങ്ങൾ പൂർത്തിയാക്കുന്നുണ്ട് . ആദ്യവർഷം ശരീര ശാസ്ത്രം,അവയവ പ്രവർത്തന ശാസ്ത്രം, ഈ പ്രവർത്തനങ്ങളുടെ ജൈവപഠനം (ബയോകെമിസ്റ്റ്രി ) എന്നിവയും ഒന്നാം വർഷ പഠനത്തിന് ശേഷം രോഗാണുബാധ ശാസ്ത്രം, രോഗാടിസ്ഥാന ശാസ്ത്രം , ഇവയെ പ്രതിരോധിക്കാനും ചികിൽസിക്കാനുമുള്ള ഔഷധ പഠനം(ഫർമക്കോളജി) എന്നിവയുടെ പഠനവും ഉണ്ട് . കണ്ടുപിടിക്കുക മാത്രമല്ല, ആന്തരികാവസ്ഥ തൊട്ടറിഞ്ഞു ഇഴകീറി അപഗ്രഥിച്ചു പഠിക്കുന്ന രീതികൾ ആണ് ഇവയെല്ലാം. ലക്ഷണങ്ങൾ മാത്രം നോക്കി രോഗ നിർണ്ണയം നടത്തുന്ന രീതിയല്ല അലോപ്പതി പിന്തുടരുന്നത് . ആധുനിക ഉപകരണങ്ങളായ എക്സ്റേ മുതൽ ഡിജിറ്റൽ സ്കാൻ വരെ ഉപയോഗപ്പെടുത്തി കൃത്യമായ രോഗ നിർണ്ണയവും ആവശ്യമെങ്കിൽ മാത്രം ശരീരത്തിലെ ഏറ്റവും ലഘുവായ മുറിവുകളിലൂടെ(കീ ഹോൾ സർജറി)നടത്തുകയാണ് ഇപ്പോഴത്തെ രീതി. ഹൃദയ പേശികളിലെ രക്ത ധമനികളുടെ ബ്ലോക്കുകൾ മാറ്റാൻ ആൻജിയോപ്ലാസ്റ്റി അടക്കമുള്ള സങ്കീർണ്ണ ശസ്ത്രക്രിയകൾ എത്ര അനായാസകരമായും അപകടരഹിതവുമായുമാണ് ഇന്ന് നടത്തുന്നത് . ലേസർ ബ്ലേഡുകൾ, റോബോട്ടിക് ശസ്ത്ര ക്രിയകൾ എന്നിവ ആധുനിക ശാസ്‌ത്രക്രിയകളെ കൂടുതൽ ഗുണമേന്മയിലേക്ക് നയിച്ചുകഴിഞ്ഞു . ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സാധാരണക്കാർക്കു പോലും ലഭ്യമാക്കാൻ ഇന്ന് കഴിയുന്നുണ്ട് . ഏറ്റവും പ്രധാനഘടകം അതിഫലപ്രദമായ ആന്റിബയോട്ടിക്കുകളുടെ ലഭ്യത ആണ്. പ്രശംസനീയമായ ഗവേഷണങ്ങളുടെ ഫലമായി സങ്കീർണ്ണ ശസ്ത്രക്രിയകളിൽ അണുബാധ ഏൽക്കാതെ രക്ഷാകവചമായി ആന്റിബയോട്ടിക്കുകൾ പ്രവർത്തിക്കുന്നു. ഈ തത്ത്വം അംഗീകരിക്കാത്ത വൈദ്യശാസ്ത്ര ശാഖകൾ മനുഷ്യന് സഹായകരമല്ല . 1970കളിൽ ഹോമിയോ ബിരുദ വിദ്യാർത്ഥികൾക്ക് അലോപ്പതി ഹൃസ്വ ക്ലാസുകൾ നടത്തി, ദ്വിമുഖ ചികിത്സക്ക് അംഗീകാരം നൽകാൻ ചില നടപടികൾ അന്നത്തെ സർക്കാർ ആലോചിച്ചു. പ്രത്യാഘാതങ്ങളെക്കുറിച്ചു പക്വത ഉള്ളവരിൽനിന്ന് അന്വേഷിച്ചറിഞ്ഞപ്പോൾ സർക്കാർ തന്നെ ആ നീക്കം ഉപേക്ഷിച്ചത് ആയുർവേദ സർജറി എന്ന ഇന്നത്തെ വിവാദ വിഷയത്തിൽ ബാധകമാണ് .

ചികിത്സയുടെ പാരമ്പര്യം ആദരിക്കപ്പെടേണ്ടത് തന്നെ. സങ്കര ചികിത്സയേക്കാൾ സംയോജിത സമീപനമാണ് ആരോഗ്യകരം. ഓരോ ചികിത്സാ പാരമ്പര്യത്തിനും അതിന്റെതായ തനത് സവിശേഷതകൾ ഉണ്ട്. ഹൃദ്രോഗബാധ,ശാസ്ത്ര ക്രിയ , സങ്കീർണ്ണ അർബുദാവസ്ഥ,പക്ഷാഘാതം എന്നീ രോഗങ്ങളിൽ അടിയന്തിര ചികിത്സ ആവശ്യമായി വരുമ്പോൾ സമയ ദൈർഘ്യമുള്ള ചികിത്സാരീതികൾ അവലംബിച്ചാൽ മരണം സുനിശ്ചിതം . എന്നാൽ പല അലോപ്പതി ത്വക്ക് ചികിത്സാകന്മാർ ശ്രമിച്ചിട്ടും ഭേദമാക്കാൻ കഴിയാതിരുന്ന അലർജി സംബന്ധമായ രോഗം ആയുർവേദ ഡോക്ടറുടെ ഇടപെടലിൽ ,നാല്പത്തിയെട്ട് മണിക്കൂറിൽ പരിഹാരം ലഭിച്ച സംഭവവും ഉണ്ടായിട്ടുണ്ട് . പ്രസ്തുത അലോപ്പതി ഡോക്ടറുടെ അടുത്തറിയുന്ന ആളാണ് ഈ ലേഖകൻ. അതുകൊണ്ട് ഓരോ ചികിത്സാ രീതികളും സ്വതന്ത്രമായി വളർന്ന് പ്രവർത്തിക്കുന്നതാണ് ഉചിതം. അതേസമയം പരസ്പര ബഹുമാനത്തോടെ ഗവേഷണത്തിൽ വിവിധ വൈദ്യശാത്ര ശാഖകൾ സഹകരിക്കണം . ബഹിരാകാശ ശാസ്ത്രജ്ഞനായ ഡോ എ പി ജെ അബ്ദുൽ കലാം ബധിരർക്കുവേണ്ടി കോക്ലിയർ ഇമ്പ്ലാന്റുകൾ കണ്ടുപിടിച്ചതിൽനിന്ന് ഗുണപാഠം ഉൾക്കൊള്ളേണ്ടതാണ് . ആയുർവേദ ബിരുദധാരികളുടെ ശസ്ത്ര ക്രിയാ പഠ്യപദ്ധതി പക്ക്വമതികളായ ഇരുവിഭാഗത്തിലുംപെട്ട ഡോക്ടർമാർ ചർച്ച ചെയ്‌ത്‌ സമവായത്തിലെത്തേണ്ടതാണ്. ഭരണാധികാരികൾ അല്ല,ബന്ധപ്പെട്ട വിദഗ്ദ്ധരുടെ സമിതി ആണ് അന്തിമതീരുമാനം എടുക്കേണ്ടത്. ഇതിന്റെ പേരിൽ സമരം ചെയ്യുന്നത് ഏതായാലും മനുഷ്യന്റെ സുസ്ഥിതിക്ക് നല്ലതല്ല . രോഗീക്ഷേമം ആണല്ലോ എല്ലാവിഭാഗം ചികിസ്തകരുടെയും അന്തിമലക്ഷ്യം .

അനുബന്ധം : പാരമ്പര്യങ്ങൾ ആദരിക്കപ്പെടേണ്ടത് തന്നെ.എന്നാൽ അടിമത്തം ആപൽക്കരമാണ് . ദില്ലിയിൽ ഒന്നരവർഷം മുൻപ് സംഘടിപ്പിക്കപ്പെട്ട രാജ്യാന്തര ശാസ്ത്ര സെമിനാറിലെ പ്രബന്ധങ്ങൾ അന്ധവിശ്വാസങ്ങളുടെ അതിർവരമ്പ് ലംഘിച്ചപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ അവ അപലപിച്ചിട്ടുള്ളത് നമുക്ക് മറക്കാതിരിക്കാം

ഡോ ഫാ ഫ്രാൻസിസ് ആലപ്പാട്

സ്ഥാപക ഡയറക്ടർ

ജൂബിലി മിഷൻ മെഡിക്കൽ കോളേജ് 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.