'ദ കേരള സ്റ്റോറി' സിനിമ കേരളത്തിനോ മതത്തിനോ എതിരല്ല: സംവിധായകൻ

'ദ കേരള സ്റ്റോറി' സിനിമ കേരളത്തിനോ മതത്തിനോ എതിരല്ല: സംവിധായകൻ

ന്യൂഡൽഹി: കേരളത്തിൽ നടക്കുന്ന ധാർമിക പെൺവാണിഭത്തിൻറെ ഞെട്ടിക്കുന്ന കഥയാണ് ദ കേരള സ്റ്റോറി പറയുന്നത്. അദാ ശർമ്മയാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ വർഷം നവംബറിൽ പുറത്തുവന്ന ചിത്രത്തിൻറെ ടീസറും അടുത്തിടെ പുറത്തുവന്ന ട്രെയ്ലറും വലിയ വിവാദത്തിന് വഴി വെച്ചിരിക്കുകയാണ്.

‘ദ കേരള സ്റ്റോറി’ സിനിമ കേരളത്തിനെതിരല്ലെന്ന് സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ. സിനിമ കേരളത്തിനോ ഏതെങ്കിലും മതത്തിനോ എതിരല്ല. കേരളത്തെ അവഹേളിക്കുന്ന ഒരു പരാമർശം പോലും സിനിമയിൽ ഇല്ല. ഭീകരതയ്ക്കെതിരെ മാത്രമാണ് പരാമർശം. സിനിമയ്ക്കായി ബിജെപിയുടെയോ കേന്ദ്ര സർക്കാരിന്റെയോ ഫണ്ട് സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയല്ല സിനിമ തയാറാക്കിയതെന്നും സുദീപ്തോ സെൻ പറഞ്ഞു.

സിനിമയിൽ ലൗ ജിഹാദ് എന്ന പരാമർശമില്ലെന്നും സുദീപ്തോ സെൻ പറഞ്ഞു. പ്രണയം നടിച്ച് പെൺകുട്ടികളെ ചതിയിൽ പെടുത്തുന്നത് മാത്രമാണ് പരാമർശിക്കുന്നത്. മതപരിവർത്തനത്തിലൂടെ രാജ്യംവിട്ട പെൺകുട്ടികളുടെ കണക്കിൽ ഉറച്ചുനിൽക്കുന്നു. 32,000 പേരെക്കുറിച്ചുള്ള പരാമർശം സിനിമ കണ്ടാൽ ബോധ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൻറെ നിർമ്മാതാവായ വിപുൽ അമൃത്ലാൽ ഷായാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിൽ സംഭാഷണങ്ങൾ അടക്കം പത്ത് മാറ്റങ്ങൾ സെൻസർ ബോർഡ് നിർദേശിച്ചിട്ടുണ്ട്. ഭീകരവാദികൾക്ക് പാകിസ്താൻ വഴി അമേരിക്കയും ധനസഹായം നൽകുന്നു എന്ന സംഭാഷണം, കമ്മ്യൂണിസ്റ്റ് പാർട്ടി ഹിന്ദുക്കളെ അവരുടെ ആചാരങ്ങൾ ചെയ്യാൻ സമ്മതിക്കുന്നില്ല എന്ന സംഭാഷണം, ഇന്ത്യൻ കമ്യൂണിസ്റ്റുകൾ അവസരവാദിയാണ് എന്ന പറയുന്നിടത്ത് നിന്ന് ഇന്ത്യൻ എന്ന വാക്ക് എന്ന് നീക്കം ചെയ്യണം, ചിത്രത്തിൻ്റെ അവസാനം ഭീകരവാദത്തെ പരാമർശിക്കുന്ന മുൻ മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണം തുടങ്ങിയ മാറ്റങ്ങളാണ് സെൻസർ ബോർഡ് മുന്നോട്ടുവെച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.