കൗമാരക്കാരെ അടിമകളാക്കുന്നു; വേപ്പിങ് ഉല്‍പന്നങ്ങളുടെ അനധികൃത വില്‍പന നിയന്ത്രിക്കാനൊരുങ്ങി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍

കൗമാരക്കാരെ അടിമകളാക്കുന്നു; വേപ്പിങ് ഉല്‍പന്നങ്ങളുടെ അനധികൃത വില്‍പന നിയന്ത്രിക്കാനൊരുങ്ങി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍

സിഡ്‌നി: ഇ-സിഗരറ്റ് പോലെയുള്ള വേപ്പിങ് ഉല്‍പന്നങ്ങളുടെ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ. കൗമാരക്കാര്‍ക്ക് നിയമ വിരുദ്ധമായ വേപ്പിങ് ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്നതായും അവയുടെ ഉപയോഗം അതിവേഗം വര്‍ധിക്കുന്നതായുമുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് ഇവ നിരോധിക്കാനൊരുങ്ങുന്നത്.

ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ വേപ്പിങ് ഉല്‍പന്നങ്ങളുടെ ഉപയോഗം അത്യന്തം അപകടകരമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. Nicotine Liquids അടങ്ങിയതാണ് ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങള്‍. ഇത് തുടര്‍ച്ചയായി വലിച്ചാല്‍ സിഗരറ്റ് വലിക്കുന്നതിനേക്കാള്‍ മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പുകയിലയോളം മാരകമല്ല എന്ന നിലയ്ക്കാണ് ഇത്തരം ഉപകരണങ്ങള്‍ വിപണിയില്‍ എത്തുന്നത്. പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെയുള്ള വേപ്പിങ് വസ്തുക്കളുടെ വില്‍പനയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും ഇ-സിഗരറ്റുകളുടെ ഇറക്കുമതി കര്‍ശനമായി നിരോധിക്കാനുമാണ് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ ശ്രമമമെന്ന് ഫെഡറല്‍ ആരോഗ്യമന്ത്രി മാര്‍ക്ക് ബട്ട്ലര്‍ അറിയിച്ചു. റീട്ടെയില്‍ തലത്തിലുള്ള വേപ്പിങ് വസ്തുക്കളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായും ടെറിട്ടറികളുമായും പ്രവര്‍ത്തിക്കും.

ഉയര്‍ന്ന അളവില്‍ നിക്കോട്ടിന്‍ അടങ്ങിയിട്ടുള്ള, കൗമാരക്കാരെ ആകര്‍ഷിക്കും വിധം സുഗന്ധവും നിറവും ബബിള്‍ഗത്തിന്റെ ഉള്‍പ്പെടെയുള്ള രുചികളിലും ലഭ്യമാകുന്ന കഞ്ചാവ് വേപ്പിങ് ഉല്‍പന്നങ്ങള്‍ നിരോധിക്കും.

കഞ്ചാവിന് അടിമകളായ യുവാക്കളുടെ തലമുറയെ സൃഷ്ടിക്കുകയാണ് ഇത്തരം വേപ്പിങ് വസ്തുക്കളുടെ വില്‍പനയിലൂടെ ലക്ഷ്യമിടുന്നതെന്നും പൊതുജനാരോഗ്യത്തിനു ഭീഷണിയായ ഉല്‍പന്നങ്ങള്‍ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി നാഷണല്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒരു കാലത്ത് ചികിത്സയ്ക്കായുള്ള ഉല്‍പന്നങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട വേപ്പിങ് വസ്തുക്കള്‍ ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണിയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുകയിലയുടെ നികുതി അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഓരോ വര്‍ഷവും അഞ്ചു ശതമാനം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. പുതിയ ഉത്തരവ് പ്രകാരം നിക്കോട്ടിന്റെ സാന്ദ്രതയും അളവും കുറഞ്ഞ, സുഗന്ധവും നിറങ്ങളും മറ്റ് ചേരുവകളും ഇല്ലാത്ത വേപ്പിങ് ഉല്‍പന്നങ്ങള്‍ മാത്രമേ ഫാര്‍മസികളില്‍ വില്‍ക്കൂ.

പുകയിലയ്ക്ക് പകരം സുരക്ഷിതമായ ഒന്ന് എന്ന നിലയ്ക്കാണ് പലരും വേപ്പിങ് ഉല്‍പന്നങ്ങളെ ആശ്രയിക്കുന്നത്. വന്‍കിട പുകയില ഉല്‍പാദകരും ഇതിനെ പ്രോത്സാഹിപ്പിക്കുന്നു. പുകയില പോലെ ഇവയും ഹൃദയത്തെയും ശ്വാസകോശത്തെയും അപകടത്തിലാക്കുന്നു.

അതേസമയം, പുകവലി ഉപേക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വേപ്പിങ് ഉല്‍പന്നങ്ങള്‍ നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുവാദമുണ്ട്.

ഓസ്ട്രേലിയയിലെ പുകവലി നിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണെങ്കിലും വേപ്പിങ് ഉല്‍പന്നങ്ങളുടെ ഉപയോഗം ഒരാള്‍ പുകവലിക്കാനുള്ള സാധ്യത മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കുന്നു. ഇത് ഉപയോഗിക്കുന്ന പകുതിയിലധികം പേരും 30 വയസിന് താഴെയുള്ളവരാണ്. കൗമാരക്കാരാണ് ഇതിനോട് പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നത്. ചോക്ലേറ്റ് ബാറുകള്‍ക്കൊപ്പമാണ് ഇവ വില്‍ക്കുന്നത്.

ഓസ്ട്രേലിയയില്‍ ഒരു കുറിപ്പടിയോടെ മാത്രമേ നിക്കോട്ടിന്‍ അടങ്ങിയിട്ടുള്ള വേപ്പുകള്‍ വില്‍ക്കാന്‍ കഴിയൂ. എന്നാല്‍ ഉല്‍പ്പന്നങ്ങളുടെ കരിഞ്ചന്ത തഴച്ചുവളരുകയാണ്. ഹൈസ്‌കൂളുകളില്‍ വേപ്പിങ് വലിയ പെരുമാറ്റ പ്രശ്നമായി മാറിയെന്നും പ്രൈമറി സ്‌കൂളുകളെയും ഇതു ബാധിച്ചുതുടങ്ങിയതായും ആരോഗ്യ മന്ത്രി പറഞ്ഞു.

കൂടുതല്‍ വായനയ്ക്ക്:

ലക്ഷ്യം യുവാക്കള്‍: ഓസ്ട്രേലിയയില്‍ ബബിള്‍ഗം രുചിയുള്ള കഞ്ചാവ് വേപ്പിങ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനിക്കെതിരേ അന്വേഷണം

ഇ-സിഗരറ്റ് അഥവാ വേപ്പിംഗ് ഉപയോഗം ഓസ്‌ട്രേലിയയിലെ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ വര്‍ധിക്കുന്നു; പഠന റിപ്പോര്‍ട്ട്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.