ബുഡാപെസ്റ്റ്: നമ്മെ പേരു ചൊല്ലി വിളിക്കുകയും നയിക്കുകയും സുവിശേഷത്തിന്റെ സാക്ഷികളാകാന്‍ നമ്മെ അയയ്ക്കുകയും ചെയ്യുന്ന നല്ലിടയനായ ക്രിസ്തുവിന്റെ ശബ്ദത്തിന് കാതോര്‍ക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഹംഗറിയിലെ അപ്പസ്തോലിക സന്ദര്‍ശനത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയായ ബുഡാപെസ്റ്റിലെ ചരിത്രപ്രസിദ്ധമായ കൊസുത്ത് ലാജോസ് സ്‌ക്വയറില്‍ ദിവ്യബലി മധ്യേ സന്ദേശം നല്‍കുകയായിരുന്നു മാര്‍പ്പാപ്പ. ഹംഗറിയിലെ
പതിനായിരക്കണക്കിന് വിശ്വാസികളാണ് പാപ്പയുടെ വാക്കുകള്‍ കേള്‍ക്കാനായി തടിച്ചുകൂടിയത്.
'നല്ലിടയന്റെ ഞായര്‍' ആഘോഷിക്കുന്ന ഈസ്റ്ററിലെ നാലാം ഞായറാഴ്ചയിലെ സുവിശേഷത്തെ അടിസ്ഥാനമാക്കിയാണ് പാപ്പ സന്ദേശം പങ്കുവെച്ചത്.
നല്ല ഇടയന്‍ തന്റെ ആടുകള്‍ക്കുവേണ്ടി ജീവന്‍ കൊടുക്കുന്നു. ആട്ടിന്‍കൂട്ടത്തെ തേടി പോകുന്ന ഒരു ഇടയനെപ്പോലെ യേശു നമ്മെ നഷ്ടപ്പെടുമ്പോള്‍ നമ്മെ തേടി വന്നു. ഒരു ഇടയനെപ്പോലെ അവിടുന്ന് നമ്മെ മരണത്തില്‍നിന്നു വീണ്ടെടുത്തു. ക്രൈസ്തവരെന്ന നിലയില്‍, അവിടുത്തെ സ്‌നേഹം സ്വീകരിക്കാനും അത് പ്രചരിപ്പിക്കാനും മറ്റുള്ളവരെ ഒരിക്കലും ഒഴിവാക്കാതിരിക്കാനും വേണ്ടിയാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അതിലൂടെ സാഹോദര്യം കെട്ടിപ്പടുക്കാനും ഭിന്നതകള്‍ ഒഴിവാക്കാനും പരസ്പരം സ്‌നേഹം പങ്കുവയ്ക്കാനും ക്ഷണം ലഭിച്ചവരാണ് നാമെന്നും പാപ്പ പറഞ്ഞു.
നല്ല ഇടയനായ ക്രിസ്തു തന്റെ ആടുകള്‍ക്കായി പ്രത്യേകമായി രണ്ട് കാര്യങ്ങള്‍ ചെയ്യുന്നു. അവിടുന്ന് തന്റെ ആടുകളെ പേര് ചൊല്ലി വിളിക്കുന്നു, അവിടുന്ന് അവരെ നയിക്കുന്നു - മാര്‍പ്പാപ്പ തുടര്‍ന്നു. പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും നമ്മെ രക്ഷിക്കാനും സമൃദ്ധിയിലും അനന്തമായ സന്തോഷത്തിലും ജീവിതം നല്‍കാനും ആഗ്രഹിച്ചുകൊണ്ടാണ് ദൈവം നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നതെന്ന് മാര്‍പ്പാപ്പ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.
നമ്മെ സഭയിലേക്ക് വിളിക്കുകയും ലോകത്തിലേക്ക് അയക്കുകയും ചെയ്യുന്ന വാതിലാണ് ക്രിസ്തു. നല്ലിടയനെ മാതൃകയാക്കി, നമ്മുടെ വാക്കുകളിലും ദൈനംദിന പ്രവര്‍ത്തനങ്ങളിലും യേശുവിനെപ്പോലെ, ആരുടെയും നേരെ അടയാത്തതും ദൈവസ്‌നേഹത്തിന്റെ സൗന്ദര്യം പ്രവേശിക്കാനും അനുഭവിക്കാനും എല്ലാവരെയും പ്രാപ്തരാക്കുന്നതുമായ ഒരു വാതിലാകാന്‍ പരിശ്രമിക്കണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ഏകാന്തത അനുഭവിക്കുന്നവര്‍, അധഃസ്ഥിതര്‍, അഭയാര്‍ത്ഥികള്‍ എന്നിവര്‍ക്കു നേരെ വാതിലുകള്‍ അടയുന്നതില്‍ മാര്‍പ്പാപ്പ ദുഃഖം പങ്കുവച്ചു.
'തുറന്ന വാതിലുകളായിരിക്കുക! ... ഉള്‍ക്കൊള്ളുന്നവരായിരിക്കുക, സാഹോദര്യത്തില്‍ വളരാന്‍ ഹംഗറിയെ സഹായിക്കുക, ഇതാണ് സമാധാനത്തിന്റെ പാത'. മതബോധനവാദികളും അജപാലകരും രാഷ്ട്രീയ-സാമൂഹിക നേതാക്കളും ഉള്‍പ്പെടെയുള്ള വിശ്വാസി സമൂഹത്തോട് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.
യുദ്ധത്തിലെ അഭയാര്‍ത്ഥികളെയും സ്മരിച്ച പാപ്പ, ഹംഗേറിയന്‍ ജനത എല്ലാവര്‍ക്കും വേണ്ടി വാതില്‍ തുറന്നിടണമെന്ന് അഭ്യര്‍ത്ഥിച്ചു. ഹംഗേറിയന്‍ ജനതയെയും യുദ്ധത്തിന്റെ ഇരകളായ ഉക്രെയ്‌നിലെയും റഷ്യയിലെയും ജനങ്ങളെ സമാധാനത്തിന്റെ രാജ്ഞിയായ മാതാവിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഹംഗേറിയന്‍ പ്രസിഡന്റ് കാറ്റാലിന്‍ നൊവാക്കും പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബനും ഉള്‍പ്പെടെ അരലക്ഷത്തില്‍പ്പരം പേരാണ് ദിവ്യബലിയില്‍ പങ്കാളികളായത്. ഹംഗേറിയന്‍ ജനതയെ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരമേല്‍പ്പിച്ചശേഷമാണ് പാപ്പ വത്തിക്കാനിലേക്കു മടങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26