എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് മേയ് 19 വരെ പിഴയില്ല; ചെലാന്‍ വരും: സര്‍ക്കാര്‍ ഉത്തരവ് നാളെ

എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് മേയ് 19 വരെ പിഴയില്ല; ചെലാന്‍ വരും: സര്‍ക്കാര്‍ ഉത്തരവ് നാളെ

തിരുവനന്തപുരം: നിര്‍മിത ബുദ്ധി (എഐ) ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് മെയ് 19 വരെ പിഴ അടക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍. എന്നാല്‍ നിയമലംഘനം നടത്തിയതിന്റെ വിവരങ്ങളും പിഴയും അടങ്ങിയ ചെലാന്‍ അയയ്ക്കും. ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് പിഴ വ്യക്തമാക്കുന്ന ചെലാന്‍ മാത്രം അയയ്ക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് നാളെ ഇറങ്ങിയേക്കും.

ഏപ്രില്‍ 20 ന് 726 റോഡ് ക്യാമറകള്‍ ഉദ്ഘാടനം ചെയ്‌തെങ്കിലും മേയ് 19 വരെ പിഴ ഈടാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചെലാന്‍ അയയ്ക്കുന്നത് തുടര്‍ന്നതോടെ വാഹന ഉടമകള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇതോടെയാണ് വിശദീകരണവുമായി സര്‍ക്കാര്‍ നേരിട്ട് രംഗത്തെത്തിയത്.

ചെലാന്‍ തയാറാക്കുന്നതിന് പിന്നില്‍ അതി സങ്കീര്‍ണമായ ഘട്ടങ്ങളാണുള്ളത്. എഐ ക്യാമറകള്‍ പകര്‍ത്തുന്ന ചിത്രങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി അവ മാത്രം കേന്ദ്ര കണ്‍ട്രോള്‍ റൂമിലേക്ക് അയയ്ക്കും. ജീവനക്കാര്‍ കമ്പ്യൂട്ടറില്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയശേഷം കേന്ദ്ര സര്‍ക്കാരിന്റെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം സെര്‍വറിലേക്ക് അപ്ലോഡ് ചെയ്യും.

മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഈ ഡേറ്റ ഡൗണ്‍ലോഡ് ചെയ്ത് പരിശോധിച്ച് നിയമലംഘനം ബോധ്യപ്പെട്ടാല്‍ ചെലാന്‍ അയയ്ക്കാനായി ഐടിഎംഎസ് സെര്‍വറിലേക്ക് അയയ്ക്കും. വാഹനത്തിന്റെ വിവരങ്ങള്‍ വാഹന്‍ സോഫ്റ്റ് വെയറില്‍ നിന്നാണ് ലഭിക്കുന്നത്. വാഹന ഉടമകളുടെ നമ്പരിലേക്ക് എസ്എംഎസ് പോകും. അതോടൊപ്പം സര്‍ക്കാരിന്റെ കണ്‍ട്രോള്‍ റൂമിലേക്കും ചെലാന്‍ കോപ്പിയും എത്തും.

പരമാവധി ആറു മണിക്കൂറിനകം ചെലാന്‍ ജനറേറ്റ് ആകും. നിയമപ്രകാരം തപാല്‍ വഴിയാണ് ചെലാന്‍ വാഹന ഉടമയ്ക്ക് അയക്കേണ്ടത്. ചെലാന്റെ കോപ്പി എടുത്ത് ഉദ്യോഗസ്ഥരുടെ ഒപ്പ് രേഖപ്പെടുത്തി അയയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.