പുണ്യശ്ലോകനായ മാർ ജോസഫ് പൗവ്വത്തിൽ പിതാവിൽ നിന്നും മാർ ജോസഫ് കല്ലറങ്ങാട്ട് മെത്രാനായി അഭിഷേകം ചെയ്തിട്ട് ഇന്നേക്ക് 20 വർഷം പൂർത്തിയാകുകയാണ്. സഭാസ്നേഹത്തിലും, നിലപാടുകളിലും, എഴുത്തിലും ഗുരുവിനൊപ്പം തലയെടുപ്പോടെ നിൽക്കുന്ന ശിഷ്യൻ. നിലപാടുകളിൽ സത്യവും നീതിയും ധൈര്യവും പുലർത്തുന്ന പിതാവ്, നസ്രാണി സമൂഹത്തിനാകമാനം അഭിമാനമാണ്.
വിശുദ്ധ ജീവിതങ്ങളുടെ വിളനിലമായ പാലാ രൂപതയിൽ ആത്മീയ ജീവിതത്തിന് ഒന്നാംസ്ഥാനം കൊടുക്കുന്ന മെത്രാൻ, പ്രഗത്ഭനായ ഒരു എഴുത്തുകാരൻ എന്നീ നിലകളിൽ തന്റെ അധ്യാപന ശുശ്രൂഷ ആരംഭിച്ചതു മുതൽ അദ്ദേഹം വിവിധ അന്താരാഷ്ട്ര, ദേശീയ, പ്രാദേശിക ജേണലുകളിൽ ദൈവശാസ്ത്രപരവും മതേതരവുമായ വിഷയങ്ങളിൽ എഴുതുന്നു.
2018 ഏപ്രിൽ 18-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വത്തിക്കാനിലെ സദസ്സിൽ സ്വീകരിക്കുകയും "വിൻഡോസ് ടു ഹെവൻ" എന്ന തന്റെ പുസ്തകം അവതരിപ്പിക്കാൻ അനുവദിക്കുകയും ചെയ്തു.
ആഗോള കത്തോലിക്കാ സഭയിലെ പ്രഗത്ഭനായ ദൈവശാസ്ത്ര പണ്ഡിതനായി എണ്ണപ്പെടുന്ന മാർ കല്ലറങ്ങാട്ട് ദൈവശാസ്ത്രത്തെയും പൗരസ്ത്യ ആരാധനക്രമത്തെയും കുറിച്ച് 40-ലധികം പണ്ഡിത ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016 സെപ്റ്റംബർ 05 മുതൽ 11 വരെ നടന്ന, ഉക്രെയ്ൻ സഭയുടെ സിനഡിൽ അദ്ദേഹം പങ്കെടുക്കുകയും സീറോ-മലബാർ സഭയെക്കുറിച്ചുള്ള ഒരു പ്രബന്ധം മേജർ ആർച്ച് ബിഷപ്പിന്റെ പ്രതിനിധിയായി അവതരിപ്പിക്കുകയും ചെയ്തു.
ദൈവശാസ്ത്ര കാല്പനികതയും സഭാപിതാക്കന്മാരുടെ വിശ്വാസ ഗാംഭീര്യവും സത്യപ്രബോധകരുടെ പ്രേഷിത തീക്ഷ്ണതയും സമന്വയിച്ച വ്യക്തിത്വം ഉള്‍ക്കരുത്താക്കി സത്യവിശ്വാസ പ്രചരണത്തിനായി അദ്ദേഹം നിലകൊള്ളുന്നു. സഭയിലെ വിഖ്യാത ദൈവശാസ്ത്രജ്ഞൻ എന്ന് പേരെടുത്തിട്ടുള്ള അദ്ദേഹം നമ്മുടെ സഭയ്ക്കുള്ളിലെ ദൈവശാസ്ത്ര വിഷയങ്ങളിൽ അവസാന വാക്കായും വിദഗ്‌ദ്ധനായും കണക്കാക്കപ്പെടുന്നു.
അജപാലനവഴിയിലെ വേറിട്ട മാര്‍ഗങ്ങളിലൂടെ സഭയുടെയും, നാടിന്റെയും വളര്‍ച്ചക്ക് ചുക്കാന്‍ പിടിക്കുന്നു. നാനാജാതി മതസ്ഥരുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു. മാര്‍ കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ പാലാ രൂപതയില്‍ വിജയകരമായി നടപ്പാക്കിയ എണ്ണമറ്റ പദ്ധതികള്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യവും നേതൃപാടവും ദീര്‍ഘവീക്ഷണവും വിളിച്ചോതുന്നവയാണ്. ഇതിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് ആതുരശുശ്രൂഷാരംഗത്ത് അനേകര്‍ക്ക് ആശ്വാസവും പാലായുടെ അഭിമാനവുമായി മാറിയ മാര്‍ സ്ലീവാ മെഡിസിറ്റി.
ഹോം പാലാ പദ്ധതിവഴി ഇതിനോടകം നൂറുകണക്കിന് കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. സാധുജന വിദ്യാഭ്യാസ പദ്ധതി, കര്‍ഷകരെ ഒന്നിപ്പിക്കുന്നതിനും കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിനുമുള്ള പദ്ധതികള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയവ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവരുടെ വളര്‍ച്ച ഉറപ്പുവരുത്തുന്നതിനായി നടപ്പാക്കിയ പദ്ധതികളില്‍ ചിലതു മാത്രമാണ്.
സീറോ മലബാർ സിനഡിന്റെ പ്രതിനിധി എന്ന നിലയിൽ അദ്ദേഹം 2012 ഒക്‌ടോബർ 07 മുതൽ 28 വരെ റോമിൽ നടന്ന, ക്രിസ്ത്യൻ വിശ്വാസത്തെയും, പുതിയ സുവിശേഷവൽക്കരണത്തെയും കുറിച്ചുള്ള ബിഷപ്പുമാരുടെ സിനഡിന്റെ പതിമൂന്നാം ഓർഡിനറി ജനറൽ അസംബ്ലിയിൽ അദ്ദേഹം പങ്കെടുത്തു. ഈ സിനഡിന്റെ സമയത്ത്, സിനഡിന്റെ ചർച്ചകൾക്കിടയിലുള്ള തർക്കത്തിന്റെ ദൈവശാസ്ത്രപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാർപ്പാപ്പ നിയമിച്ച മൂന്നംഗ ട്രിബ്യൂണലിൽ അംഗമായിരുന്നു.
നസ്രാണി പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ നിരന്തര ശ്രദ്ധ പുലർത്തുന്ന സഭാപിതാവാണ് മാർ കല്ലറങ്ങാട്ട്.
സഭയിലെ അൽമായരുടെയും, പ്രോലൈഫ് അപ്പോസ്തലേറ്റിന്റെയും നേതൃത്വത്തില്‍ ജീവന്റെ സംരക്ഷണത്തിനു വേണ്ടിയും കുടുംബ ശാക്തീകരണ ശുശ്രൂഷകളുടെയും പിറകിലുള്ള ഊർജസ്രോതസ്സ് ആയ പിതാവ് മഹനീയ മാതൃത്വവും കെട്ടുറപ്പുള്ള കുടുംബങ്ങളും ഇന്നത്തെ സമൂഹത്തിന് ആവശ്യമാണെന്ന് കരുതുന്നു. സങ്കീർണ്ണമായ പ്രശ്നങ്ങളുടെ പരിഹാരകനെന്ന് പേരെടുത്തിട്ടുള്ള കല്ലറങ്ങാട്ട് പിതാവിന്റെ സേവനങ്ങൾ ആഗോള കത്തോലിക്കാ സഭയ്ക്ക് ഏറ്റവും ആവശ്യമുള്ള സമയമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.