ആത്മീയ പ്രവര്‍ത്തനത്തിനൊപ്പം ജനകീയ വിഷയങ്ങളില്‍ സഭയുടെ ഇടപെടല്‍ ശ്ലാഘനീയം: പ്രതിപക്ഷ നേതാവ്

ആത്മീയ പ്രവര്‍ത്തനത്തിനൊപ്പം ജനകീയ വിഷയങ്ങളില്‍ സഭയുടെ ഇടപെടല്‍ ശ്ലാഘനീയം: പ്രതിപക്ഷ നേതാവ്

കല്‍പ്പറ്റ: മനുഷ്യന്‍ പ്രതിസന്ധികളും സങ്കടങ്ങളും നേരിടുന്ന ഇക്കാലത്ത് ക്രിസ്തുവിന്റെ സന്ദേശം പകര്‍ന്ന് നല്‍കി അവരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതോടൊപ്പം ഒരുപാട് കാര്യങ്ങള്‍ക്കൂടി ചെയ്യേണ്ട ഉത്തരവാദിത്തമാണ് സഭയ്ക്കും രൂപതകള്‍ക്കുമേല്‍ വന്നുഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മാനന്തവാടി രൂപതയുടെ സുവര്‍ണ ജൂബിലി സമാപന ചടങ്ങിനോടനുബന്ധിച്ച് സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍ 10 ഡയാലിസിസ് യൂണിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷികോത്പ്പന്നങ്ങളുടെ വിലയിടിവ് സാധാരണക്കായ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന കാലത്താണ് നാം ജിവിക്കുന്നത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വളര്‍ന്നുവരുന്നു. കൃഷിയിടങ്ങള്‍ തകര്‍ക്കപ്പെടുന്ന സ്ഥതിയുണ്ടാകുന്നു. ഈ ഘട്ടത്തില്‍ കൃഷിക്കാരുടെ ശബ്ദമായി മാറേണ്ട ചുമതലകൂടി രൂപതകള്‍ക്കുണ്ട്.

രാജ്യത്തുടനീളം ഉണ്ടാകുന്ന വാര്‍ത്തകള്‍ വേദനിപ്പിക്കുന്നതാണ്. ഇന്ത്യയിലാകമാനം രണ്ടായിരത്തോളം ക്രൈസ്തവ ദേവാലയങ്ങളാണ് കഴിഞ്ഞ കുറേ മാസങ്ങള്‍ക്കിടെ ആക്രമിക്കപ്പെട്ടത്. ക്രിസ്തുമസ് ആരാധനകള്‍പ്പോലും തടസപ്പെട്ടു. പ്രാര്‍ത്ഥനാ കൂട്ടായ്മകളെയും ആരാധനകളെയും തടസപ്പെടുത്തുന്ന സ്ഥിതിവിശേഷമുണ്ടായി. വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളെ പോലും ആക്രമിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഡല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ 79 ക്രൈസ്തവ സംഘടനകളാണ് പ്രതിരോധത്തിന് വേണ്ടി സമരം ചെയ്യേണ്ടി വന്നത്. ബംഗളൂരു ആര്‍ച്ച്ബിഷപ് ഡോ.പീറ്റര്‍ മക്കാഡോക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നു. നിരവധി ക്രൈസ്തവ സംഘടനകള്‍ സുപ്രീം കോടതിയേയാണ് സംരക്ഷണത്തിനായി ആശ്രയിക്കേണ്ടി വന്നത്.

മതപരിവര്‍ത്തനം ആക്ഷേപിച്ചുകൊണ്ടാണ് ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത്. 1951 ല്‍ ഇന്ത്യയില്‍ ക്രൈസ്തവ ജനസംഖ്യ 2.3 ശതമാനമായിരുന്നു. 2023 ലും ഇതേ ശതമാനം തന്നെയാണ് ക്രൈസ്തവ ജനസംഖ്യ. കൂട്ട മതംമാറ്റം നടന്നിരുന്നുവെങ്കില്‍ ജനസംഖ്യ ഇതില്‍ കൂടുതല്‍ ആകുമായിരുന്നില്ലേ എന്നും വി.ഡി. സതീശന്‍ ചോദിച്ചു.

വേട്ടയാടന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളായി മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ രാജ്യത്ത് മാറുകയാണ്. അതിനെതിരെ പ്രതിഷേധിക്കേണ്ട സന്ദര്‍ഭം കൂടിയാണ് ഇപ്പോള്‍. രാജ്യത്ത് ആത്മാഭിമാനത്തോടെ ജിവിക്കാന്‍ എല്ലാ മതവിശ്വാസികള്‍ക്കും ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം, അപ്പസ്‌തോലക് ന്യൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലിയോ പോള്‍ദോ ജിറേലി, തൃശൂര്‍ ആര്‍ച്ച്ബിഷപ്പ് മാർ ആന്‍ഡ്രൂസ് താഴത്ത്, ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എമാരായ ഒ.ആര്‍. കേളു, ഐ.സി. ബാലകൃഷ്ണന്‍, ടി.സിദ്ധിഖ് എംഎല്‍എ, ഫാ.ബിജു മാവറ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനും തൃശൂര്‍ അതിരൂപതയുടെ ആര്‍ച്ച്ബിഷപ് എമിരറ്റസുമായ മാര്‍ ജേക്കബ് തൂങ്കുഴിയെ ചടങ്ങില്‍ ആദരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.