പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിന് 150 വയസ് ; വാര്‍ഷിക ദിനാചരണം ഈ മാസം നാലിന്

പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിന് 150 വയസ് ; വാര്‍ഷിക ദിനാചരണം ഈ മാസം നാലിന്

തിരുവനന്തപുരം: പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊളീറ്റന്‍ കത്തീഡ്രല്‍ വിശ്വാസികള്‍ക്ക് ആരാധനയ്ക്കായി ആശീര്‍വദിച്ചതിന്റെ 150-ാം വാര്‍ഷികാഘോഷങ്ങള്‍ ഈ മാസം നാലിന് നടക്കും. ആഘോഷങ്ങളുടെ ഭാഗമായി നാലിന് വൈകുന്നേരം 5.30ന് കത്തീഡ്രലില്‍ കൃതജ്ഞതാ ബലിയര്‍പ്പണമുണ്ടാകും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ മുഖ്യകാര്‍മികനായിരിക്കും. തുടര്‍ന്ന് കര്‍മലീത്താ വൈദികന്‍ ഫാ.ബര്‍ണഡിന്‍ ലൂയീസ് വചനപ്രഘോഷണം നടത്തും. തുടര്‍ന്ന് 48 കുടുംബയൂണിറ്റുകളിലെ നൂറോളം കലാകാരന്മാര്‍ ചേര്‍ന്ന് സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കും.

ചരിത്രം

1873 മെയ് നാലിന് കൊല്ലം രൂപത അപ്പസ്തോലക് വികാര്‍ മോണ്‍. ഇള്‍ഡഫോന്‍സ് ഒ.സി.ഡി. ആണ് പള്ളി ആശിര്‍വദിച്ചത്. ആറായിരത്തോളം വിശ്വാസികള്‍ അന്ന് ഇവിടെയെത്തിയിരുന്നതായി അക്കാലത്തെ രേഖകള്‍ വ്യക്തമാക്കുന്നു. 1873 ല്‍ ആശിര്‍വദിക്കപ്പെട്ടപ്പോള്‍ പള്ളിക്ക് അന്ന് മണിമാളിക ഉണ്ടായിരുന്നില്ല.

1912ല്‍ പള്ളി കൂടുതല്‍ വിപുലീകരിച്ചു. പ്രധാന അള്‍ത്താരയില്‍ സ്ഥാപിച്ചിരിക്കുന്ന സെന്റ് ജോസഫിന്റെ തിരുസ്വരൂപം 1921ല്‍ അന്ന് സഹവികാരിയായി ഇവിടെ സേവനമനുഷ്ഠിച്ചിരുന്ന ഫാ.ബ്രൊക്കാര്‍ഡ് വിദേശത്തു നിന്നും കൊണ്ടുവന്നാതാണ്. പിന്നീട് 1927ല്‍ ആണ് ഇന്നു കാണുന്ന മുഖവാരത്തോടു കൂടിയുള്ള പള്ളിയുടെ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. ആറുവര്‍ഷത്തോളമെടുത്തായിരുന്നു നിര്‍മാണം പൂര്‍ത്തിയാക്കിയത്.

1864 മുതല്‍ 1948 വരെ ഇടവകയില്‍ സേവനം ചെയ്തിരുന്ന വിദേശീയരായ കര്‍മലീത്ത സന്ന്യാസ വൈദികരുടെ പ്രവര്‍ത്തനങ്ങള്‍ വളരെ വിലപ്പെട്ടതായിരുന്നു. യൂറോപ്യന്‍മാരായ 16 വൈദികരായിരുന്നു അക്കാലത്ത് ഇടവകയുടെ പ്രവര്‍ത്തനങ്ങളെ ധന്യമാക്കിയത്. പിന്നീട് തൈക്കാട്, നന്തന്‍കോട്, വെള്ളയമ്പലം, മണക്കാട് ഇടവകകള്‍ പാളയം ഇടവകയില്‍നിന്നും രൂപം കൊണ്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26