അരിക്കൊമ്പനെ മാത്രമല്ല സ്ഥിരം പ്രശ്‌നക്കാരന്‍ വരയാടിനെയും മാറ്റണമെന്ന് നാട്ടുകാര്‍

അരിക്കൊമ്പനെ മാത്രമല്ല സ്ഥിരം പ്രശ്‌നക്കാരന്‍ വരയാടിനെയും മാറ്റണമെന്ന് നാട്ടുകാര്‍

ഇടുക്കി: അരിക്കൊമ്പനെ നാടുകടത്തിയെങ്കിലും മലയോര വാസികള്‍ക്ക് ആശ്വസിക്കാന്‍ വകയായില്ല. അരിക്കൊമ്പനെപ്പോലെ സ്ഥിരം പ്രശ്‌നക്കാരനായ വരയാടിനെയും മാറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. വളര്‍ത്തുമൃഗങ്ങളോട് കൊമ്പുകോര്‍ക്കുന്ന 'ഹോബി' മൂലം വരയാടിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ആടുകളുടെയും കോഴികളുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. 

മറയൂര്‍ പാലപെട്ടിയില്‍ വരയാട് ആക്രമണം സംബന്ധിച്ച് പലതവണ പരാതിപ്പെട്ടിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആദിവാസികള്‍ പറയുന്നത്. വളര്‍ത്ത് ആടുകള്‍ക്കൊപ്പം വര്‍ഷങ്ങളായി ഒത്തുചേര്‍ന്ന് നടക്കുന്ന മുട്ടന്‍ വരയാടാണ് അക്രമകാരിയാകുന്നത്. പലപ്പോഴും വളര്‍ത്ത് ആടുകളുമായി കൊമ്പുകോര്‍ത്തതില്‍ ഒട്ടേറെ ആടുകള്‍ ചത്തിട്ടുമുണ്ട്.

ഈ വരയാടിനെ അടിയന്തരമായി ഇവിടെനിന്ന് നീക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം. കഴിഞ്ഞ രണ്ട് ദിവസമായി മറയൂര്‍ ചന്ദന ഡിവിഷന്‍ ഉദ്യോഗസ്ഥരും ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും വരയാടിനെ ഉള്‍വനത്തില്‍ കയറ്റിവിടാന്‍ ശ്രമം നടത്തിയിരുന്നു. ഈ വരയാടിനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെങ്കില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് അടക്കം ഒട്ടേറെ നടപടിക്രമങ്ങള്‍ ആവശ്യമാണ്.

ഇപ്പോള്‍ ഇണ ചേരാനുള്ള ശ്രമത്തിനിടെയാണ് ആക്രമണം ഉണ്ടായത്. മറ്റു സമയങ്ങളില്‍ യാതൊരു പ്രശ്‌നവും കാണുന്നില്ലെങ്കിലും വരയാടിനെ ഉള്‍വനത്തിലേക്ക് കയറ്റിവിട്ട് തിരികെ വരാതിരിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ചിന്നാര്‍ വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് വാര്‍ഡന്‍ നിതിന്‍ലാല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.