തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലം സ്വദേശിനിയുടെ ഫോട്ടോ ഉപയോഗിച്ച് ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇരകളായവരിൽ പൊലീസുകാരും. കഴിഞ്ഞ ദിവസം പൂവാർ പൊലീസ് അറസ്റ്റ് ചെയ്ത കൊല്ലം ശൂരനാട് സ്വദേശി അശ്വതി (32)യെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന് ഇരകളായവരിൽ പൊലീസുകാരും ഉണ്ടെന്ന വിവരം പുറത്തുവന്നത്.
പൂവാർ പാമ്പുകാല സ്വദേശിയായ മധ്യവയസ്കനെ വിവാഹ വാഗ്ദാനം നൽകി 40,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇവർ അറസ്റ്റിലായത്. കൂട്ടുപ്രതി ഇരുവൈക്കോണം സ്വദേശി മോഹനനു വേണ്ടി തിരച്ചിൽ തുടരുകയാണ്.
അശ്വതി അച്ചു, അനുശ്രീ അനു തുടങ്ങിയ പേരുകളിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന മറ്റു പെൺകുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
ഇത്തരത്തിൽ മുൻപ് കൊല്ലം സ്വദേശിനിയുടെ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയപ്പോൾ, ആ പെൺകുട്ടി നൽകിയ പരാതിയിലാണ് ഇവർ ആദ്യം കുടുങ്ങുന്നത്. ഇതിനിടെയാണ് വിവാഹവാഗ്ദാനം നൽകി മധ്യവയസ്കനായ വ്യക്തിയെ കബളിപ്പിച്ചെന്ന് പരാതി ലഭിച്ചത്.
ഭാര്യ മരിച്ച വ്യക്തിയാണ് തട്ടിപ്പിനിരയായത്. ഭിന്നശേഷിക്കാരിയായ മകളെ സംരക്ഷിക്കാമെന്ന് വാഗ്ദാനം നൽകിയതായി പരാതിയിൽ പറയുന്നു. 40,000 രൂപയുടെ ബാധ്യത തീർത്താലേ വിവാഹം കഴിക്കാൻ സാധിക്കൂവെന്ന് ഇവർ പറഞ്ഞതിനെ തുടർന്ന് പരാതിക്കാരൻ പണം നൽകി. തൊട്ടടുത്ത ദിവസം വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു.
പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വദേശമായ അഞ്ചലിൽ ആണെന്നു പറഞ്ഞു. പൊലീസിനെ വട്ടം ചുറ്റിക്കാൻ ശ്രമിച്ചെങ്കിലും സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി വാടകയ്ക്കു താമസിക്കുന്ന മുട്ടടയിലെ ഫ്ലാറ്റ് കണ്ടെത്തി അവിടെ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അശ്വതിയുടെ പേരിൽ ഒട്ടേറെ കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.