ഷാ‍ർജയില്‍ വായനോത്സവത്തിന് തുടക്കമായി

ഷാ‍ർജയില്‍ വായനോത്സവത്തിന് തുടക്കമായി

ഷാ‍ർജ: കുട്ടികളുടെ വായനോത്സവത്തിന് ഷാ‍ർജ എക്സ്പോ സെന്‍ററില്‍ തുടക്കമായി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ അല്‍ ഖാസിമിയാണ് 14 മത് വായനോത്സവം ഉദ്ഘാടനം ചെയ്തത്.

കുഞ്ഞുമനസുകളിലെ സർഗ്ഗാത്മകതയെ ഉത്തേജിപ്പിക്കാനും പുസ്തകങ്ങളിലേക്ക് അവരെ അടുപ്പിക്കുന്നതിനുമായാണ് എല്ലാവർഷവും ഷാർജ ബുക്ക് അതോറിറ്റി വായനോത്സവം സംഘടിപ്പിക്കുന്നത്. എക്സ്പോ സെന്‍ററില്‍ മെയ് 14 വരെ നീണ്ടുനില്‍ക്കുന്ന വായനോത്സവത്തിന്‍റെ ഇത്തവണത്തെ പ്രമേയം നിങ്ങളുടെ ബുദ്ധിയെ പരിശീലിപ്പിക്കുകയെന്നതാണ്.

എക്സ്പോ സെന്‍ററിലെത്തിയ ഷാർജ ഭരണാധികാരിയെ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയാണ് സ്വീകരിച്ചത്. സഹിഷ്ണുതാമന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍, കലിമത്ത് ഗ്രൂപ്പ് സിഇഒ ഷെയ്ഖ ബോദൂർ അല്‍ ഖാസിമി,ഷാർജ ഭരണാധികാരിയുടെ ഓഫീസ് ചെയർമാൻ ഷെയ്ഖ് സലേം ബിൻ അബ്ദുൽറഹ്മാൻ അൽ ഖാസിമി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

141 പ്രസാധകരാണ് ഇത്തവണ വായനോത്സവത്തിലെത്തുന്നത്. എഴുത്തുകാരും കലാകാരന്മാരും ചിത്രകാരന്മാരും ഉള്‍പ്പടെ 457 അതിഥികള്‍ വായനോത്സവത്തിന്‍റെ ഭാഗമാകും. 1732 പരിപാടികളാണ് ഇത്തവണ അരങ്ങേറുക. പവലിയനുകളെല്ലാം ഷാർജ ഭരണാധികാരി നടന്ന് കണ്ടു. എമിറേറ്റ്‌സ് പബ്ലിഷേഴ്‌സ് അസോസിയേഷൻ, സാംസ്‌കാരിക വകുപ്പ്, എമിറേറ്റ്‌സ് സ്‌കൂൾ എസ്റ്റാബ്ലിഷ്‌മെന്‍റ് (ഇഎസ്ഇ) എന്നിവയുടെ സ്റ്റാളുകളിലും ഭരണാധികാരി സന്ദർശനം നടത്തി.

അനിമേഷന്‍ കോണ്‍ഫറന്‍സാണ് ഇത്തവണത്തെ ഏറ്റവും വലിയ ആകർഷണം. അഞ്ചാം തിയതി വരെയാണ് ആനിമേഷന്‍ കോണ്‍ഫറന്‍സ് നടക്കുന്നത്. മേഖലയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ആനിമേഷന്‍ മേഖലയിലെ നവീന സാങ്കേതിക വിദ്യയും ഭാവിയിലെ മാറ്റങ്ങളും ഉള്‍ക്കൊളളുന്ന ചർച്ചകളും നടക്കും. ഉദ്ഘാടന ചടങ്ങില്‍ ഫ്ലോറന‍്സ് പോപ്സ് ഓർക്കസ്ട്രയുടെ സംഗീത പ്രകടനവും ഷാർജ ഭരണാധികാരി ആസ്വദിച്ചു. സമ്മേളനത്തിന്‍റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവർക്ക് ഒരു ദിവസം മുഴുവന്‍ പ്രവേശനം അനുവദിക്കുന്ന ടിക്കറ്റിന് 100 ദിർഹമാണ് നിരക്ക്. 3 ദിവസവും പ്രവേശനം അനുവദിക്കുന്ന ടിക്കറ്റിന് 200 ദിർഹം നല്‍കണം. ഒരു ടിക്കറ്റില്‍ രണ്ട് പേർക്ക് പ്രവേശനം അനുവദിക്കും. മേഖലയിലെ വിദഗ്ധർ നയിക്കുന്ന വിവിധ വർക്ക് ഷോപ്പുകളിലേക്കുളള ടിക്കറ്റുകള്‍ ഇതിനകം തന്നെ വിറ്റുപോയിക്കഴിഞ്ഞു.

പബ്ലിഷേഴ്സ് പവലിയന്‍, ചില്‍ഡ്രസ് ബുക്ക്സ് ഇല്ലസ്ട്രേഷന്‍ എക്സിബിഷന്‍, വർക്ക് ഷോപ്പ്സ്, കുക്കറി കോർണർ, സോഷ്യല്‍ മീഡിയ സ്റ്റേഷന്‍, കോമിക് കോർണർ എന്നിങ്ങളെ ആറ് വിഭാഗങ്ങളിലാണ് പരിപാടികള്‍ സജ്ജീകരിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.