'മറുപടി പറയാന്‍ മനസില്ല; വേറെ ഏട്ടന്റെ പീടികയില്‍ പോയി പറയണം'; മുഖ്യമന്ത്രിയെ പിന്തുണച്ച് എ.കെ ബാലന്‍

'മറുപടി പറയാന്‍ മനസില്ല; വേറെ ഏട്ടന്റെ പീടികയില്‍ പോയി പറയണം'; മുഖ്യമന്ത്രിയെ പിന്തുണച്ച് എ.കെ ബാലന്‍

തിരുവനന്തപുരം: എ.ഐ ക്യാമറ വിവാദത്തില്‍ അന്വേഷണം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലന്‍. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് മുമ്പായി മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ബാലന്റെ പ്രതികരണം. ക്യാമറ വിവാദവുമായി സിപിഎമ്മിന്റെ ആദ്യ പ്രതികരണമാണിത്.

വിജിലന്‍സും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അന്വേഷിക്കുന്നുണ്ട്. നേരത്തെ വിവാദം ഉണ്ടായപ്പോഴും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. അന്വേഷണം നടക്കുമ്പോള്‍ മെറിറ്റിലേക്ക് കടന്ന് മുഖ്യമന്ത്രി അഭിപ്രായം പറയാന്‍ പാടുണ്ടോയെന്ന് ബാലന്‍ ചോദിച്ചു.

ഓരോ ദിവസവും ഓരോ ആള്‍ക്കാരെക്കൊണ്ടും ഓരോ കമ്പനിക്കാരെയും കൊണ്ട് ഓരോന്ന് പറയിപ്പിക്കുന്നുണ്ടല്ലോ. അതിനെല്ലാം മറുപടി പറയാന്‍ മനസില്ല. ഓരോ ദിവസവും മറുപടി പറയണമെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇതിനുള്ള പ്രത്യേക സംവിധാനം ഉണ്ടാകണമെന്നും ബാലന്‍ പറഞ്ഞു.

എന്തൊക്കെ ആരോപണങ്ങളാണ് പ്രതിപക്ഷം കൊണ്ടു വന്നത്. ഏതെങ്കിലും ഒരു ആരോപണം മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 11 മണിക്കൂര്‍ നീണ്ടു നിന്ന അവിശ്വാസ പ്രമേയമാണ് കേരള നിയമ സഭയില്‍ ചര്‍ച്ച ചെയ്തത്.

അതില്‍ മൂന്നേമുക്കാല്‍ മണിക്കൂര്‍ സമയമെടുത്താണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. അന്ന് പ്രതിപക്ഷം ഒളിച്ചോടിയില്ലേ. അന്ന് ഉന്നയിച്ച കാര്യങ്ങള്‍ തന്നെയല്ലേ പ്രതിപക്ഷം ഇപ്പോഴും പറയുന്നതെന്നും ബാലന്‍ ചോദിച്ചു. ക്യാമറ പദ്ധതി 2020 ല്‍ ഭരണാനുമതി കൊടുത്ത പദ്ധതിയാണ്. ഇതുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രിക്ക് കിട്ടിയപ്പോള്‍ തന്നെ അദ്ദേഹം വിജിലന്‍സിന് കൈമാറി.

നിയമപരമായി മറുപടി പറയേണ്ട കാര്യങ്ങള്‍ നിയമപരമായിട്ടു തന്നെ പറയും. പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയില്ല. മുഖ്യമന്ത്രിയുടെ വകുപ്പ് തന്നെ അന്വേഷണത്തിന് ഉത്തരവിട്ട കാര്യത്തില്‍ അദ്ദേഹം മെറിറ്റിലേക്ക് കടന്ന് അഭിപ്രായം പറയണമെന്ന് പറഞ്ഞാല്‍ അത് തെറ്റാണ്. ഇത് വേറെ ഏട്ടന്റെ പീടികയില്‍ പോയി പറയണം. പരാതി ഉണ്ടെങ്കില്‍ എവിടെ വേണമെങ്കിലും കൊടുക്കാമല്ലോ. ഒരു അന്വേഷണത്തെയും മുഖ്യമന്ത്രി പേടിക്കുന്നില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.