സോണിയ ഗാന്ധി പടിയിറങ്ങുമ്പോൾ 

സോണിയ ഗാന്ധി പടിയിറങ്ങുമ്പോൾ 

ഡൽഹി :  ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനും, സ്വതന്ത്ര ഭാരതത്തിന്റെ വികസനത്തിനും വലിയ സംഭാവനകൾ നൽകിയ മുത്തശ്ശി പാർട്ടി ഇന്ന് വലിയ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്.  നേട്ടങ്ങളെക്കാൾ നഷ്ടങ്ങളാണ് 2020 ൽ പാർട്ടിക്ക് ലഭിച്ചത്.   രാജസ്ഥാനും, പഞ്ചാബും, മഹാരാഷ്ട്രയുമൊഴിച്ചാൽ ഹിന്ദി ഹൃദയ ഭൂമി മുഴുവൻ അടക്കി ഭരിക്കുന്നത് ഭാരതീയ ജനതാ പാർട്ടിയാണ്. ഭാരതം മുഴുവൻ വ്യാപിച്ച് കിടക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിക്ക് മുഴുവൻ സമയ അദ്ധ്യക്ഷൻ ഇല്ലാത്തതും, പാർട്ടിയുടെ കരുത്തുറ്റ മുഖമായിരുന്ന ജ്യോതിരാദിത്യസിന്ധ്യയെപ്പോലുള്ളവർ  പാർട്ടി വിട്ട് ബി ജെ പി യിൽ ചേർന്നതും തെല്ലൊന്നുമല്ല പാർട്ടിയെ ക്ഷീണിപ്പിക്കുന്നത. കൂനിന്മേൽ കുരു എന്ന പോലെ പാർട്ടി നേതാക്കളിൽ നിന്ന് തന്നെ ഉയരുന്ന വിമത ശബ്ദങ്ങളും ഉൽക്കണ്ഠയോടെയാണ് അണികൾ വീക്ഷിക്കുന്നത്.

  രാഹുൽ ഗാന്ധിഏറ്റെടുക്കാൻ വിസമ്മതിച്ച  പാർട്ടിയുടെ പ്രസിഡണ്ട് പദവി താത്കാലികമായി  ഏറ്റെടുത്ത സോണിയ ഗാന്ധി, ഈ വർഷാവസാനത്തോടെ പൂർണ്ണമായും രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാൻ ആഗ്രഹിക്കുന്നതായി അവരോട് അടുത്ത കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. 74 വയസ്സുള്ള സോണിയ ഇപ്പോൾ പാർട്ടിയുടെ ഇടക്കാല പ്രസിഡന്റും, യു പി എ യുടെ ചെയർ പേഴ്സണും ആയി സേവനം ചെയ്യുന്നു. തന്റെ പ്രായവും, ഇടയ്ക്കിടെ അലട്ടുന്ന രോഗവും, പാർട്ടിയിലെ വിമത നീക്കങ്ങളും സോണിയയെ വല്ലാതെ തളർത്തുന്നതായി പറഞ്ഞു കേൾക്കുന്നു. ഒപ്പം തന്റെ ആത്മ സുഹൃത്തും രാഷ്ട്രീയ കാര്യസെക്രട്ടറിയുമായിരുന്ന അഹമ്മദ് പട്ടേലിന്റെ മരണവും സ്ഥാനമൊഴിയാൻ സോണിയ ഗാന്ധിയെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമായി രാഷ്ട്രീയ നിരീക്ക്ഷകർ കരുതുന്നു.

രാഹുൽ ഗാന്ധിയുടെ നിലപാടുകളോട് പരസ്യമായി വിരുദ്ധാഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട്  കോൺഗ്രസ്സ് പ്രസിഡന്റിന് കത്തെയഴുതിയ നേതാക്കന്മാർ താൽക്കാലത്തേയ്ക്ക്  വെടി നിർത്താൽ പ്രഖ്യാപിച്ചെങ്കിലും അവരുടെ വിമത നീക്കങ്ങൾ പാർട്ടിക്ക് മാരകമായ പരിക്കേൽപ്പിക്കാൻ പര്യാപ്തമായേക്കാം എന്ന്  കരുതപ്പെടുന്നു. ഒരു   കാലത്ത് പാർട്ടിയുടെ കരുത്തുറ്റ നേതാക്കളും, മികച്ച പാർലമെന്റേറിയന്മാരും എന്നറിയപ്പെട്ടിരുന്ന ഗുലാം നബി ആസാദ്, കപിൽ സിബൽ, ആനന്ദ് ശർമ്മ, മനീഷ് തിവാരി തുടങ്ങിയവരെ പൂർണ്ണമായും അവഗണിച്ച് കൊണ്ട് പാർട്ടിക്ക് മുൻപോട്ട് പോകാൻ സാധിക്കും എന്ന്  കരുതുന്നില്ല.  രണ്ട്  തലമുറകൾ തമ്മിലുള്ള പോരാട്ടമാണിതെന്നും, ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ വേഗം കെട്ടടങ്ങും എന്നും വിശ്വസിക്കുന്നവരും പാർട്ടിയിൽ ധാരാളമുണ്ട്.

സോണിയ പടിയിറങ്ങുമ്പോൾ, വീണ്ടും രാഹുൽ പാർട്ടി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് പാർട്ടിയിലെ ബഹു ഭൂരിപക്ഷം അനുഭാവികളും ആവശ്യപ്പെടുന്നു. പ്രിയങ്കയെ നേതൃത്വത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നവരും പാർട്ടിയിൽ കുറവല്ല. ഇവരെക്കൂടാത്ത അശോക് ഗെഹ്‌ലോട്ട്, കമൽ നാഥ്, കർണ്ണാടകയിൽ നിന്നുള്ള ശിവകുമാർ എന്നിവരുടെ പേരുകളും പറഞ്ഞ് കേൾക്കുന്നു.  വിമത ശബ്ദമുയർത്തിയ വിമത നേതാക്കൾ അശോക് ഗെഹ്‌ലോട്ടിനെ പാർട്ടി പ്രസിഡന്റ് ആക്കാൻ ആഗ്രഹിക്കുമ്പോൾ രൺദീപ് സുർജേവാല, കെ സി വേണുഗോപാൽ എന്നിവരിൽ ഒരാളെ നിയമിക്കാൻ രാഹുൽ ഗാന്ധി പരിശ്രമിക്കുന്നു.  വിമത പക്ഷത്തുള്ള നേതാക്കളോടും, സോണിയ ഗാന്ധിയോടും, രാഹുൽ ഗാന്ധിയോടും അടുപ്പമുള്ള നേതാവെന്ന നിലയിൽ അശോക് ഗെഹ്‌ലോട്ടിനോ, എന്നും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന കമൽ നാഥിനോ നറുക്ക് വീണേക്കുമെന്നും കരുതപ്പെടുന്നു.

ഏക പക്ഷീയമായ തീരുമാനത്തെ എതിർക്കുമെന്നും ഗാന്ധി കുടുംബാംഗങ്ങൾക്ക്  പുറത്ത് ആര്  മത്സരിച്ചാലും ജി-23 വിമത നേതാക്കളിൽ ഒരാൾ എതിർ സ്ഥാനാർത്ഥിയായി മത്സരത്തിൽ ഉണ്ടാവുമെന്നും അവരോട് അടുത്ത കേന്ദ്രങ്ങൾ അറിയിച്ചു. പല സംസ്ഥാനങ്ങളിലും ഭരണത്തിൽ നിന്നും പുറംതള്ളപ്പെടുകയും, പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞ് പോക്ക് തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ദേശീയ തലത്തിലെ പിളർപ്പ് മുത്തശ്ശി പാർട്ടിയുടെ കല്ലറ സ്വയം തൊണ്ടും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ജെ കെ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.