നിക്കരാഗ്വയിലെ സഭ അതികഠിനമായ പീഡനങ്ങളിലൂടെ; അഞ്ച് വർഷത്തിനിടെ നടന്നത് 500 ലധികം ആക്രമണങ്ങൾ

നിക്കരാഗ്വയിലെ സഭ അതികഠിനമായ പീഡനങ്ങളിലൂടെ; അഞ്ച് വർഷത്തിനിടെ  നടന്നത് 500 ലധികം ആക്രമണങ്ങൾ

മനാഗ്വ: മധ്യ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ നിക്കരാഗ്വയിൽ ക്രിസ്ത്യാനികൾക്കും പള്ളികൾക്കും നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാകുന്നു. ഗവേഷകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മൊലിന 'നിക്കരാഗ്വ: ഒരു പീഡിത സഭ' എന്ന പേരിൽ പ്രസദ്ധീകരിച്ച അന്വേഷണാത്മക കണ്ടെത്തലിലാണ് ക്രിസ്ത്യാനികൾ അനുഭവിക്കുന്ന കൊടിയ ആക്രമണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഏകാധിപത്യ ഭരാണാധികാരി ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാദിപത്യം മൂലം അഞ്ച് വർഷത്തിനിടെ 529 ആക്രമണങ്ങൾ നിക്കരാഗ്വയിൽ ഉണ്ടായി. ഈ വർഷം ഇതുവരെ 90 ആക്രമണങ്ങൾ സഭക്കെതിരെ നടന്നു. നിക്കരാഗ്വയിലെ ജനങ്ങൾ അനുഭവിക്കുന്ന പീഡനം, അപകീർത്തിപ്പെടുത്തൽ, നാശം, കവർച്ച, പുറത്താക്കലുകൾ, കണ്ടുകെട്ടലുകൾ എന്നിവയും ​ഗവേഷക തുറന്നു കാട്ടി. നിക്കരാഗ്വയിലെ സഭയുടെ പ്രതിബദ്ധതയുള്ള മതനേതാക്കളെയും സാധാരണക്കാരെയും തടവിലാക്കിയതിനെയും മോളിന അപലപിച്ചു.

നിക്കരാഗ്വയുടെ രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവുമായ ചരിത്രം ഇപ്പോഴത്തെയും വരാനിരിക്കുന്ന തലമുറയിലെയും ജനങ്ങൾ മനസിലാക്കുന്നതിനും തെറ്റുകൾ ആവർത്താക്കാതിരിക്കുന്നതിനും ഈ ലേഖനം ഉപകരിക്കുമെന്ന് മോളിന വ്യക്തമാക്കി. കണക്കുകൾ പ്രകാരം 2018-ൽ നിക്കരാഗ്വയിലെ കത്തോലിക്കാ സഭക്കെതിരെ 84 ആക്രമണങ്ങളും 2019-ൽ 80 ഉം 2020 ൽ 59 ഉം 2021ൽ 55 ഉം 2022-ൽ 161ഉം റിപ്പോർട്ട് ചെയ്തു.

ബിഷപ്പ് റൊളാൻഡോ അൽവാരസിനെ അന്യായമായി 26 വർഷവും നാല് മാസവും തടവിന് ശിക്ഷിച്ചു. 32 മതവിശ്വാസികളെ രാജ്യത്ത് നിന്ന് പുറത്താക്കി, പള്ളിയുടെ ഉടമസ്ഥതയിലുള്ള ഏഴ് കെട്ടിടങ്ങൾ കണ്ടുകെട്ടി. വിവിധ ക്രൈസ്തവ മാധ്യമങ്ങൾ അടച്ചുപൂട്ടൽ നേരിട്ടു, വിശുദ്ധ വാരത്തിൽ 176 പ്രദക്ഷണങ്ങൾ നിരോധിച്ചതും സ്വേച്ഛാധിപത്യത്തിന്റെ ആക്രമണങ്ങളിൽ ഉൾപ്പെടുന്നവയാണ്.

നിക്കരാഗ്വയിൽ കത്തോലിക്കാ സഭ അനുഭവിച്ച ആക്രമണങ്ങൾ കൃത്യമായ കണക്കുകളിൽ കാണിക്കുക എന്നതാണ് മാർത്ത പട്രീഷ്യ മൊലിനയുടെ റിപ്പോർട്ടിന്റെ ഉദ്ദേശം. പള്ളികൾക്കുണ്ടായ കേടുപാടുകൾ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെയുള്ള ആക്രമണങ്ങൾ, അവരുടെ ഇടവകകളിലെ ദൈനംദിന സംഭവങ്ങൾ എന്നിവയെ തുടർന്ന് ആക്രമണത്തിനിരയായ സഭയെ പിന്തുണയ്ക്കുന്നതിനുള്ള അൽമായരുടെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26