മാനന്തവാടി: മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട തോമസ് ഒറ്റപ്ലാക്കലച്ചൻ മെയ് 5-ന് രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു. പരേതരായ ഒറ്റപ്ലാക്കൽ ജോസഫ് - മറിയം ദമ്പതികളുടെ മകനായി 1953 ആഗസ്റ്റ് ആറിന് താമരശ്ശേരി രൂപതയിലുള്ള കൂരാച്ചുണ്ട് ഇടവകയിലാണ് അച്ചൻ ജനിച്ചത്. ജോസഫ്, സണ്ണി, മേരി, സിസിലി, അന്നക്കുട്ടി, റീന എന്നിവർ സഹോദരങ്ങളാണ്.
ബഹുമാനപ്പെട്ട തോമസ് ഒറ്റപ്ലാക്കലച്ചന്റെ ഭൗതികദേഹം ദ്വാരക പാസ്റ്ററൽ സെന്ററിന്റെ ചാപ്പലിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി വരെ പൊതുദർശനത്തിന് വെയ്ക്കുന്നതാണ്. മൃതസംസ്കാര ശുശ്രൂഷയുടെ അവസാനഭാഗം മൂന്ന് മണിക്ക് വിശുദ്ധ കുർബ്ബാനയോടെ അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആരംഭിക്കും. സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ എന്നിവർ സഹ കാർമ്മികരായിരിക്കും.
കൂരാച്ചുണ്ട് എൽ.പി. യു.പി. സ്കൂളുകളിലും കുളത്തുവയൽ സെന്റ് ജോർജ്ജ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസവും കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ പിഡിസിയും പൂർത്തിയാക്കിയശേഷം വൈദികനാകണമെന്ന ആഗ്രഹത്തോടെ ചെറുപുഷ്പം സഭയുടെ (CST) മൂക്കന്നൂരുള്ള മൈനർ സെമിനാരിയിൽ പരിശീലിച്ചു. പിന്നീട് മാനന്തവാടി രൂപതയിൽച്ചേർന്ന തോമസച്ചൻ തത്വശാസ്ത്രപഠനം കാർമ്മൽഗിരി സെമിനാരിയിലും ദൈവശാസ്ത്രപഠനം മംഗലപ്പുഴ സെമിനാരിയിലുമായി പൂർത്തിയാക്കി. പ്രായോഗിക പരിശീലന കാലമായ റീജൻസി ബോയ്സ് ടൗണിലും ചിലവഴിച്ചു.
വൈദികപരിശീലനം പൂർത്തിയാക്കിയശേഷം 1983 ഡിസംബർ 22-ന് മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാൻ അഭിവന്ദ്യ ജേക്കബ് തൂങ്കുഴി പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് തരിയോട്, കല്പറ്റ, ഒലിവുമല പള്ളികളിൽ സഹവികാരിയായും ചാരിറ്റി, കല്പം, പുല്പള്ളി, ഒണ്ടയങ്ങാടി, എടപ്പെട്ടി, വാളവയൽ, ആറാട്ടുതറ, പട്ടാണിപ്പ്, ചേലൂർ, മക്കിയാട്, അമരക്കുനി എന്നീ ദേവാലയങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. 1988-92 വർഷങ്ങളിൽ ദ്വാരക പാസ്റ്ററൽ സെന്ററിൽ താമസിച്ചുകൊണ്ട് ചെറുപുഷ്പ മിഷൻ ലീഗ്, കെസിവൈഎം എന്നീ സംഘടനകളുടെ ഡയറക്ടറായും ഏതാനും മാസങ്ങൾ വിശ്വാസപരിശീലന വിഭാഗത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും അച്ചന്‍ ശുശ്രൂഷ ചെയ്തു.
ആരോഗ്യപരമായ കാരണങ്ങളാൽ 2022 മുതൽ വിയാനിഭവനിൽ വിശ്രമത്തിലും ചികിത്സയിലുമായിരുന്നു തോമസച്ചൻ. വിവിധ രോഗങ്ങൾ അലട്ടിയിരുന്ന അച്ചൻ രോഗത്തിന് ആവശ്യമായ വിദഗ്ദ ചികിത്സ സ്വീകരിച്ചുവെങ്കിലും അവ ഫലിക്കാതെ വന്ന സാഹചര്യത്തിൽ സുബോധത്തോടെ തന്നെ രോഗീലേപനം സ്വീകരിച്ച് ഇന്ന് പ്രഭാതത്തിൽ ലോകത്തോട് വിടപറഞ്ഞു. പ്രൗഡഗംഭീരമായ കമന്ററികളിലൂടെ ആത്മീയശുശ്രൂഷകളുടെ അർത്ഥം വ്യാഖ്യാ നിച്ചുകൊടുത്ത് ദൈവജനത്തെ വഴിനടത്തിയ ഇടയനായിരുന്നു തോമസച്ചൻ. മികച്ച ഗായകനും പ്രസംഗകനുമായിരുന്ന അച്ചൻ ഇടവകയിൽ എല്ലാവരെയും ചേർത്തുനിർത്താനും ഒരുപോലെ പരിഗണിക്കാനും ശേഷിയുണ്ടായിരുന്ന അജപാലകനുമായിരുന്നു. കെസിവൈഎം ഡയറക്ടറായിരുന്ന കാലയളവിൽ വിവിധ മേഖലകളിൽ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ പ്രോഗ്രാമുകളിലൂടെയും റാലികളിലൂടെയുമെല്ലാം മാനന്തവാടി രൂപതയിലെ യുവജന മുന്നേറ്റത്തിന് പുതുജീവൻ നല്കാൻ ബഹുമാനപ്പെട്ട തോമസച്ചൻ നടത്തിയ അശ്രാന്ത പരിശ്രമങ്ങളെ രൂപത അഭിമാനത്തോടെ അനുസ്മരിക്കുന്നു.
ഒറ്റപ്ലാക്കൽ തോമസ് അച്ചന്റെ ദേഹവിയോഗത്തിൽ മാനന്തവാടി രൂപതാ കുടുംബം ദുഃഖം രേഖപ്പെടുത്തുകയും അച്ചന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്ന് മാനന്തവാടി രൂപതാ പിആർഒ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26