ക്രിക്കറ്റ് ലോകകപ്പിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും പരിഗണനയില്‍

ക്രിക്കറ്റ് ലോകകപ്പിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും പരിഗണനയില്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയം പരിഗണനയില്‍. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് ബി.സി.സി.ഐ. തയാറാക്കിയ വേദികളുടെ ചുരുക്കപ്പട്ടികയില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടംപിടിച്ചു. മത്സര നടത്തിപ്പിന് കേരളം സജ്ജമാണെന്ന് കെ.സി.എ. സെക്രട്ടറി വിനോദ് എസ്.കുമാര്‍ പ്രതികരിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലാണ് ലോകകപ്പ് മത്സരങ്ങള്‍ സംഘടിപ്പിക്കുക.

വരുന്ന ഒക്ടോബറില്‍ രാജ്യത്തെ 15 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. രാജ്യത്തെ തന്നെ മികച്ച പിച്ചും ഔട്ട്ഫീല്‍ഡുള്ള കാര്യവട്ടം സ്റ്റേഡിയത്തില്‍ ഒരേ സമയം 50000 പേര്‍ക്ക് കളികാണാന്‍ കഴിയും. കനത്ത മഴ പെയ്താലും അരമണിക്കൂറിനുള്ളില്‍ സ്റ്റേഡിയത്തില്‍ മത്സരം പുനരാരംഭിക്കാന്‍ കഴിയും.

എന്നാല്‍ ഏതൊക്കെ സ്റ്റേഡിയങ്ങളില്‍ ഏതൊക്കെ മത്സരങ്ങള്‍ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കാര്യവട്ടം സ്റ്റേഡിയം തിരഞ്ഞെടുത്താല്‍ ആദ്യമായാണ് കേരളത്തിലെ ഒരു സ്റ്റേഡിയം ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്നതെന്ന പ്രത്യേകതയുമുണ്ട്.

കാര്യവട്ടത്ത് ഇതുവരെ നടന്ന അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ നാലിലും വിജയം ടീം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. 2017 നവംബറിലാണ് കാര്യവട്ടത്ത് ആദ്യ അന്താരാഷ്ട്രാ മത്സരം നടക്കുന്നത്. എന്നാല്‍, മത്സര നടത്തിപ്പിന് സ്റ്റേഡിയത്തില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാനാണ് കെസിഎയുടെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.