'ഖാര്‍ഗെയേയും കുടുംബത്തേയും ഇല്ലാതാക്കാന്‍ നീക്കം': ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്; ശബ്ദസന്ദേശം പുറത്ത് വിട്ടു

'ഖാര്‍ഗെയേയും കുടുംബത്തേയും ഇല്ലാതാക്കാന്‍ നീക്കം': ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്; ശബ്ദസന്ദേശം പുറത്ത് വിട്ടു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയേയും കുടുംബത്തേയും ഇല്ലാതാക്കാന്‍ ബിജെപി നീക്കം നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്.

ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശവും കോണ്‍ഗ്രസ് പുറത്ത് വിട്ടു. ചിറ്റാപുരില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥി മണികണ്ഠ റാത്തോഡിന്റെ ഭീഷണി സന്ദേശമാണ് ഇതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

കര്‍ണാടക തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ബിജെപി സ്ഥാനാര്‍ഥിയുടേതെന്ന് പറയപ്പെടുന്ന ശബ്ദ സന്ദേശം പുറത്തു വരുന്നത്. ഖാര്‍ഗെയേയും കുടുംബത്തേയും ഇല്ലാതാക്കുമെന്ന് പറയുന്ന സന്ദേശത്തില്‍ അസഭ്യ വാക്കുകളും ഉപയോഗിക്കുന്നുണ്ട്.

'ബിജെപി നേതാക്കള്‍ മല്ലികാര്‍ജുന ഖാര്‍ഗെയേയും കുടുംബത്തേയും ഇല്ലാതാക്കാന്‍ അടിത്തറ പാകുകയാണ്. ചിറ്റാപുരിലെ ബിജെപി സ്ഥാനാര്‍ഥി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുമായും അടുത്ത ബന്ധമുള്ള ആളാണന്ന് ഈ ശബ്ദ സന്ദേശത്തില്‍ നിന്ന് വ്യക്തമാണ്' - കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല ആരോപിച്ചു.

ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ മത്സരിക്കുന്ന ചിറ്റാപുര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് മണികണ്ഠന്‍ റാത്തോഡ്. ഇയാള്‍ക്കെതിരേ മുപ്പതിലേറെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.