ഇന്ത്യയുടെ സുപ്രധാന ബഹിരാകാശ ദൗത്യങ്ങള്‍ക്കൊരുങ്ങി ഐഎസ്ആര്‍ഒ

ഇന്ത്യയുടെ സുപ്രധാന ബഹിരാകാശ ദൗത്യങ്ങള്‍ക്കൊരുങ്ങി ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ഇന്ത്യയുടെ സുപ്രധാന ബഹിരാകാശ ദൗത്യങ്ങള്‍ ജൂലൈ മാസത്തിലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ചന്ദ്രയാന്‍ 3-ന്റെ വിക്ഷേപണവും സൂര്യനെക്കുറിച്ച് പഠിക്കുന്ന ആദിത്യ എല്‍ വണ്‍ പേടകവും 2023 ജൂലൈയില്‍ വിക്ഷേപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗയാന്‍ 2024 അവസാനത്തോടെ വിക്ഷേപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമാണ് ചന്ദ്രയാന്‍ 3. ഭാവിയിലെ അന്തര്‍ഗ്രഹ പര്യവേഷണങ്ങള്‍ക്ക് നിര്‍ണായകമാകുന്ന കൂടുതല്‍ കരുത്തുറ്റ ചാന്ദ്ര റോവറുമായാണ് ചന്ദ്രയാന്‍-3 ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കുക.

ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 ല്‍ ആയിരിക്കും ചന്ദ്രയാന്‍-3 ന്റെ വിക്ഷേപണം. 2019 സെപ്റ്റംബറില്‍ ചന്ദ്രയാന്‍-2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ച് തകര്‍ന്നതിനെ തുടര്‍ന്ന് ചന്ദ്രനില്‍ റോവര്‍ ഇറക്കാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ചന്ദ്രയാന്‍-3 ദൗത്യം ഐഎസ്ആര്‍ഒ ആരംഭിച്ചത്.

സൂര്യനെ കുറിച്ച് പഠിക്കാനുള്ള അത്യാധുനിക ഉപഗ്രഹമാണ് ആദിത്യ എല്‍ വണ്‍. സൂര്യതാപ രഹസ്യം അറിയുകയാണ് ആദിത്യ ഒന്നിന്റെ പ്രധാന ദൗത്യം. സൂര്യന് ഇത്ര ഭീമമായ താപനില ഉണ്ടാകുന്നതെങ്ങനെ, അതിനുള്ള കാരണമെന്ത് എന്നിവയ്ക്കൊപ്പം സൗര വാതപ്രവാഹത്തിന്റെ രഹസ്യം അറിയാനും ആദിത്യ ഒന്ന് ശ്രമിക്കും. ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ ക്രോണോഗ്രാഫ് എന്ന ഉപകരണം ഉപയോഗിച്ചാകും ഗവേഷണം. ഒപ്പം ഭീമമായ സൂര്യതാപം ഭൂമിയിലെത്തിച്ച് അതിനെ വൈദ്യുതിയാക്കി മാറ്റാനാകുമോ എന്ന സാധ്യതയും ശാസ്ത്രജ്ഞര്‍ പരിശോധിക്കും.

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമാണ് ഗഗയാന്‍. ഈ വിക്ഷേപണം പൂര്‍ത്തിയാകുന്നതോടെ അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.