ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. മണിപ്പൂര്‍ കേന്ദ്ര സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം തിങ്കളാഴ്ച ബംഗളൂരുവിലെത്തും.
തിങ്കളാഴ്ച ഉച്ചയോടെ ഇംഫാലില്‍ നിന്ന് കൊല്‍ക്കത്ത വഴിയുള്ള വിമാനത്തിലാണ് മലയാളി വിദ്യാര്‍ത്ഥികളെ എത്തിക്കുക. ഇംഫാലില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാറിയാണ് വിദ്യാര്‍ത്ഥികളുടെ താമസം. കലാപം തുടരുന്ന സാഹചര്യത്തിലാണ് സുരക്ഷ മാനിച്ച് ഇവരെ തിരികെയെത്തിക്കുന്നത്.
നിലവില്‍ സര്‍വകലാശാലയും ഹോസ്റ്റലും അടച്ചിട്ടിരിക്കുകയാണ്. സര്‍വകലാശാലാ അധികൃതര്‍ ഏര്‍പ്പാടാക്കിയ ഗസ്റ്റ് ഹൗസിലാണ് വിദ്യാര്‍ത്ഥികളിപ്പോള്‍ കഴിയുന്നതെന്നാണ് വിവരം.
സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വഷളായതോടെ ഡിജിപി പി.ഡോംഗുളിനെ ചുമതലകളില്‍ നിന്ന് നീക്കി. എഡിജിപി അശുതോഷ് സിന്‍ഹയ്ക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറായി മണിപ്പൂരില്‍ കലാപകലുഷിതമായ സാഹചര്യമാണ് നിലവിലുള്ളത്. ഇതിനോടകം 13,000 ത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ഗോത്ര വിഭാഗമായ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ചുരാചന്ദ്പൂരിലെ തോര്‍ബങില്‍ നടത്തിയ റാലിക്ക് പിന്നാലെയാണ് സംസ്ഥാനത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മെയ്തേയ് വിഭാഗത്തെ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം.
റാലി ബിഷ്ണുപൂരിലെത്തിയപ്പോള്‍ ചിലയാളുകളുമായി ഏറ്റുമുട്ടലുണ്ടായി. ഇത് പരസ്പര ആക്രമണത്തിലേക്ക് നയിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തുടനീളം അക്രമം വ്യാപിച്ചു.
അതിനിടെ മണിപ്പൂരിന് പിന്നാലെ മേഘാലയയിലും സംഘര്‍ഷമുണ്ടായി. തലസ്ഥാനമായ ഷില്ലോംഗില്‍ കുക്കി, മെയ്തേയ് സമുദായങ്ങളിലെ അംഗങ്ങള്‍ ഏറ്റുമുട്ടി. ഇരു സമുദായത്തിലെയും 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.