മലപ്പുറത്ത് വിനോദയാത്രാ ബോട്ട് മുങ്ങി വൻ ദുരന്തം: മരണം 22 ആയി; ഇന്ന് ഔദ്യോഗിക ദുഖാചരണം

മലപ്പുറത്ത് വിനോദയാത്രാ ബോട്ട് മുങ്ങി വൻ ദുരന്തം: മരണം 22 ആയി; ഇന്ന് ഔദ്യോഗിക ദുഖാചരണം

മലപ്പുറം: താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്ര ബോട്ട് മുങ്ങി വന്‍ ദുരന്തം. ഒടുവിൽ ലഭിച്ച വിവരം അനുസരിച്ച് മരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു. മരിച്ചവരിൽ കുട്ടികളും സ്ത്രീകളുമുണ്ട്.

ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്. ബോട്ടിൽ നാൽപ്പതോളം പേരുണ്ടായിരുന്നതായി താനൂർ നഗരസഭാ കൗൺസിലർ പി.പി. മുസ്തഫ പറഞ്ഞു.

തീരത്തിന് 300 മീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിയത്. ഇരുപതോളം പേരെ രക്ഷപ്പെടുത്തി. ഇതിൽ പലരുടേയും നില ഗുരുതരമാണ്. പൊലീസും റെസ്‌ക്യു സേനയും സ്ഥലത്തുണ്ട്.  ഇരുവരുടെയും നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.

കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുക്കുകയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിലുണ്ട്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി.അബ്ദുറഹ്മാൻ എന്നിവർ അപകട സ്ഥലത്തെത്തി.

അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങുകയായിരുന്നു. 

പരിക്കേറ്റവരെ പരപ്പനങ്ങാടി നഹാസ്, ജെ.എസ്. മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടക്കല്‍, താനൂരിലെ വിവിധ ആശുപത്രികളിലായിട്ടാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

മരണപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ട നടപടികൾ രാവിലെ തന്നെ ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം വേഗത്തിലാക്കാൻ തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നായി കൂടുതൽ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളജിലുമായി വിന്ന്യസിച്ചിട്ടുണ്ട്.

മരണപ്പെട്ടവർക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം ചേർന്നു നിൽക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു. അപകടം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയൻ‌ തിങ്കളാഴ്ച അപകടം നടന്ന താനൂരിൽ എത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അപകടസ്ഥലം സന്ദർശിക്കും. ദുഖാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി.പി. ജോയ് അറിയിച്ചു. തിങ്കളാഴ്ച നടത്താനിരുന്ന താലൂക്ക് തല അദാലത്തുകളും മാറ്റിവച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.