ആവേശ പോളിംഗില്‍ പലയിടത്തും സംഘര്‍ഷം; 11.15 ന് 30.35 % പോളിംഗ്

ആവേശ പോളിംഗില്‍ പലയിടത്തും  സംഘര്‍ഷം; 11.15 ന് 30.35 % പോളിംഗ്

കണ്ണൂര്‍: നാല് വടക്കന്‍ ജില്ലകളില്‍ ഇന്ന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ അന്തിമ ഘട്ട പോളിംഗില്‍ വേട്ടര്‍മാരുടെ ആവേശത്തോടെയുള്ള പ്രതികരണം.

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.35 ശതമാനമാണ് പോളിംഗ്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പോളിംഗ്. കുറവ് കാസര്‍ഗോഡും.

മലപ്പുറം പെരുമ്പടത്ത് കോടത്തൂരില്‍ പോളിംഗ് സ്‌റ്റേഷന് മുന്നില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഓപ്പണ്‍ വോട്ടിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുഹ്‌റ അഹമ്മദിന് പരിക്കേറ്റു. പൊലീസ് ലാത്തി വീശി. മറ്റ് ജില്ലകളിലെ പല ബൂത്തുകളിലും സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുണ്ട്. ബേപ്പൂരില്‍ വോട്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് കോടഞ്ചേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കാട്ടു പന്നിയുടെ കുത്തേറ്റു.

രാവിലെ പതിനൊന്നിന് ലഭിച്ച കണക്ക് പ്രകാരം മലപ്പുറം - 30.63%, കോഴിക്കോട് - 29.75%, കണ്ണൂര്‍ - 30.60%., കാസര്‍ഗോഡ് - 29.60% എന്നിങ്ങനെയാണ് പോളിംഗ് നിരക്ക്. കനത്ത പോളിംഗ് തങ്ങള്‍ക്ക് അനുകൂലമാണന്ന് ഇടത്, വലത് മുന്നണികള്‍ പതിവ് അവകാശവാദം ഉയര്‍ത്തിയിട്ടുണ്ട്.

354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കണ്ണൂരിലെ ആയിരത്തിലധികം പ്രശ്‌നബാധിത ബൂത്തുകളില്‍ അതീവ സുരക്ഷ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മലപ്പുറത്ത് 304 പ്രശ്‌ന സാധ്യതാ ബുത്തൂകളും 87 മാവോയിസ്റ്റ് ഭീഷണി ബൂത്തുകളുമുണ്ട്.

ചരിത്രവിജയം സമ്മാനിക്കുന്ന ഇലക്ഷന്‍ ആയിരിക്കും ഇതെന്നും ഇടതുമുന്നണിയെ ക്ഷീണിപ്പിക്കാനും ഉലയ്ക്കാനും ആവില്ലെന്ന് വോട്ട് എണ്ണിത്തീരുമ്പോള്‍ മനസിലാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു. കണ്ണൂര്‍ ചേരിക്കല്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്നാല്‍ വടകര അടക്കമുള്ള മുഴുവന്‍ മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും യുഡിഎഫ് തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.