ഇംഫാല്‍: മണിപ്പൂര്‍ കലാപത്തില്‍ തകര്‍ക്കപ്പെട്ടത് 41 ക്രൈസ്തവ ദേവാലയങ്ങള്‍. ന്യൂലാംബുലന്‍, സംഗ്രൈപൗ, ചെക്കോണ്‍, ഗെയിം വില്ലേജ് തുടങ്ങിയ പ്രദേശങ്ങളിലെ ദേവാലയങ്ങളാണ് തകര്‍ക്കപ്പെട്ടത്.
സംസ്ഥാനത്ത് 41 ശതമാനം വരുന്ന ജനവിഭാഗമായിട്ടും ക്രൈസ്തവ സമൂഹം തികച്ചും അരക്ഷിതാവസ്ഥയിലാണ്. ദേവാലയങ്ങള്‍ക്ക് പുറമേ അക്രമികള്‍ നിരവധി സ്‌കൂളുകളും വീടുകളും തകര്‍ക്കുകയും അഗ്‌നിയ്ക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങള്‍ക്ക് തീയിടുകയും പൊതുമുതല്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു.
ജനങ്ങള്‍ ശാന്തത പാലിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഓഫ് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ അഭ്യര്‍ത്ഥിച്ചു. ചുരാചന്ദ്പൂര്‍ ജില്ലയിലെ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതായി ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി റവ. വിജയേഷ് ലാല്‍ പറഞ്ഞു. ജില്ലയിലെ സ്ഥിതി വളരെ മോശമാണ്. സൈന്യം ഉണ്ടായിരുന്നിട്ടും പള്ളികള്‍ അഗ്‌നിയ്ക്കിരയാക്കപ്പെട്ടു.
മണിപ്പൂരിലെ ജനങ്ങള്‍ ഏത് ഗോത്രത്തില്‍പ്പെട്ടവരായാലും സമുദായത്തില്‍പ്പെട്ടവരായാലും വളരെ ആശങ്കയുണ്ട്. അവിടത്തെ സാധാരണക്കാരാണ് കഷ്ടപ്പെടുന്നത്. ഭക്ഷണമോ വെള്ളമോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ആളുകള്‍ വീടുവിട്ട് പലായനം ചെയ്യുകയാണെന്നും വിജയേഷ് പറഞ്ഞു.
സംയമനം പാലിക്കാനും പ്രശ്നങ്ങളുടെ സമാധാനപരമായ പരിഹാരത്തിനായി പ്രവര്‍ത്തിക്കാനും തങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളോടും ആവശ്യപ്പെടുകയാണെന്ന് ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ അറിയിച്ചു.
വിഭജനത്തെ പ്രേരിപ്പിക്കുന്നതും ധ്രുവീകരണത്തിന് കാരണമാകുന്നതുമായ ശക്തികളെ ഒഴിവാക്കാന്‍ മണിപ്പൂരിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. സംഘട്ടനത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവരുമായും ക്രിയാത്മകമായ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.