'ആക്രമണങ്ങള്‍ക്ക് പിന്നില്‍ കേന്ദ്ര സര്‍ക്കാറുമായി ബന്ധമുള്ളവര്‍; എഫ്.ഐ.ആര്‍ പോലും ഇടുന്നില്ല': ക്രിസ്ത്യന്‍ സംഘടനകള്‍ സുപ്രീം കോടതിയില്‍

'ആക്രമണങ്ങള്‍ക്ക് പിന്നില്‍ കേന്ദ്ര സര്‍ക്കാറുമായി ബന്ധമുള്ളവര്‍; എഫ്.ഐ.ആര്‍ പോലും ഇടുന്നില്ല': ക്രിസ്ത്യന്‍ സംഘടനകള്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ക്രിസ്ത്യാനികള്‍ക്കെതിരെ രാജ്യത്ത് വര്‍ധിച്ചു വരുന്ന ആക്രമണങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്രിസ്ത്യന്‍ സംഘടനകളുടെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍.

ആക്രമണങ്ങള്‍ക്ക് പിന്നില്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധമുള്ള സംഘടനകളാണെന്ന് ബംഗളുരു ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ക്രിസ്ത്യാനികള്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ റിട്ട. ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി വേണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

ബജ്റംഗദള്‍, വി.എച്ച്.പി ഉള്‍പ്പെടെയുള്ള സംഘടനയില്‍പ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അക്രമം അഴിച്ചു വിടുന്നത്. അക്രമത്തിനിരയായവരെ ജയിലിലടക്കുകയാണ് പൊലീസ് ചെയ്യുന്നത്. അക്രമികള്‍ക്കെതിരെ എഫ്.ഐ.ആര്‍ പോലും ഇടുന്നില്ലെന്നും കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തിനുള്ള മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ഇത്തരം സംഘടനകള്‍ വിദ്വേഷ പ്രചാരണവും അക്രമവും നടത്തുമ്പോള്‍ അത് തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഭരണകൂടം പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. 2021 മുതലാണ് വിവിധ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം വ്യാപകമായത്.

യു.പി, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം പാസാക്കിയതിന് പിന്നാലെയാണ് അക്രമങ്ങള്‍ വര്‍ധിച്ചത്. ഇത്തരം അക്രമങ്ങള്‍ യാദൃച്ഛികമായി സംഭവിക്കുന്നതല്ലെന്നും കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ, നാഷണല്‍ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക് ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവര്‍ സുപ്രിം കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തിരുന്നു. ഇതിനെതിരെ കേന്ദ്രം സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളുകയായിരുന്നു.

അടിസ്ഥാന രഹിതവും യാതൊരു തെളിവുകളുമില്ലാത്തതുമായ ആരോപണങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നതെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. വ്യക്തിപരമായ ചില പ്രശ്നങ്ങളെ ഹര്‍ജിക്കാര്‍ വര്‍ഗീയ കുറ്റകൃത്യങ്ങളായി വ്യാഖ്യാനിക്കുകയാണെന്നായിരുന്നു സര്‍ക്കാര്‍ വാദം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.