പല്ലന മുതല്‍ താനൂര്‍ വരെ; ഒരു നൂറ്റാണ്ടിനിടെ കേരളത്തിലുണ്ടായ ബോട്ടപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത് ഇരുനൂറിലധികം പേര്‍ക്ക്

പല്ലന മുതല്‍ താനൂര്‍ വരെ; ഒരു നൂറ്റാണ്ടിനിടെ കേരളത്തിലുണ്ടായ ബോട്ടപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത് ഇരുനൂറിലധികം പേര്‍ക്ക്

കൊച്ചി: മലപ്പുറം ജില്ലയിലെ താനൂരിലുണ്ടായ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്രം പരിശോധിച്ചാല്‍ ഒരു നൂറ്റാണ്ടിനിടെ സംസ്ഥാനത്തുണ്ടായ 20 ജലദുരന്തങ്ങളില്‍ 240ഓളം പേരാണ് മരിച്ചത്. പരിധിയില്‍ കൂടുതല്‍ ആളുകള്‍ കയറുന്നതാണ് മിക്ക അപകടങ്ങളുടെയും പ്രധാന കാരണം.

പല്ലനയാറ്റില്‍ കുമാരനാശാന്റെ ജീവനെടുത്ത ബോട്ടപകടം മുതല്‍ കേരളത്തെ നടുക്കിയ അപകടങ്ങളുടെ പട്ടികയില്‍ താനൂരും ഇടം പിടിച്ചു.

1924 ജനുവരി 24 ന് കൊല്ലത്ത് നിന്ന് 95 യാത്രക്കാര്‍ക്ക് മാത്രം കയറാവുന്ന ബോട്ടില്‍ 145 യാത്രക്കാരുമായിട്ടാണ് രാത്രി പത്തരയോടെ ആ ബോട്ട് യാത്ര തിരിച്ചത്. ഒപ്പം ഭാരിച്ച ചാക്കുകളും ഉണ്ടായിരുന്നു. അര്‍ധ രാത്രിയോടെ ആലപ്പുഴ ജില്ലയിലെ പല്ലനയിലെ അപകടം പിടിച്ച വളവില്‍ ബോട്ടെത്തി.

വന്ന വേഗത്തില്‍ തന്നെ ഇടത്തോട്ട് തിരിച്ച ബോട്ട് ഒരു വശത്തേക്ക് താഴുകയായിരുന്നു. കുമാരനാശാന്‍ ഉള്‍പ്പെടെ 24 പേരുടെ ജീവനാണ് ഈ അപകടം കവര്‍ന്നെടുത്തത്. അമിത ഭാരമായിരുന്നു അപകടത്തിന് കാരണമെന്ന് അന്വേഷണ കമ്മീഷന്‍ പിന്നീട് കണ്ടെത്തി.

2002 ജൂലായ് 27ന് മുഹമ്മയില്‍ നിന്ന് രാവിലെ 5.45ന് നിറയെ യാത്രക്കാരുമായി കുമരകത്തേക്ക് പോയതായിരുന്നു സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ 53 നമ്പര്‍ ബോട്ട്. കുമരകം ജെട്ടിയില്‍ എത്തുന്നതിന് വെറും ഒരു കിലോമീറ്റര്‍ മാത്രം ബാക്കി നില്‍ക്കെ രാവിലെ 6.10നാണ് ബോട്ട് അപകടത്തില്‍പ്പെടുന്നത്.

പി.എസ്.സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതാന്‍ കോട്ടയത്തേക്ക് പോയ മുഹമ്മ, കായിന്‍പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാര്‍ഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നതില്‍ ഏറെയും. സ്ഥിരം യാത്രക്കാരായ കൂലിപ്പണിക്കാരും മത്സ്യവില്‍പ്പനക്കാരും ബോട്ടിലുണ്ടായിരുന്നു.

ഒമ്പത് മാസം പ്രായമായ കുഞ്ഞും 15 സ്ത്രീകളുമടക്കം 29 ജീവനുകളാണ് അന്ന് കായലിന്റെ ആഴങ്ങളില്‍ നഷ്ടമായത്. അന്നും അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ സഞ്ചരിച്ചതാണ് അപകടത്തിന് കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കായലിന്റെ മണല്‍ത്തിട്ടയില്‍ ഇടിച്ചതാണ് അപകട കാരണമെന്ന് കരുതപ്പെടുന്നു.

2007 ഫെബ്രുവരി 20 ന് എറണാകുളം-ഇടുക്കി ജില്ലാതിര്‍ത്തിയില്‍ ഭൂതത്താന്‍ കെട്ട് അണക്കെട്ടിന് സമീപം തട്ടേക്കാട് വച്ചാണ് ഈ അപകടം ഉണ്ടായത്. അങ്കമാലി എളവൂര്‍ സെന്റ് ആന്റണീസ് സ്‌കൂളില്‍ നിന്നും വിനോദ യാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂളിലെ 15 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും ഒരു ജീവനക്കാരിയും അന്ന് മരണമടഞ്ഞു.

ബോട്ടിന്റെ അടിഭാഗം ഇളകി വെള്ളം കയറിയതാണ് അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. അപകടത്തില്‍പ്പെട്ട ബോട്ടിന് യാത്രാനുമതി ഇല്ലായിരുന്നുവെന്നും പിന്നീട് വ്യക്തമായി.

2009 സെപ്റ്റംബര്‍ 30 ന് വൈകിട്ട് നാല് മണിയോടെ തേക്കടിയില്‍ നിന്ന് മുല്ലപ്പെരിയാറിലേയ്ക്ക് പോകുകയായിരുന്നു കെടിഡിസിയുടെ ജലകന്യക എന്ന ബോട്ട്. 76 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബോട്ട് പുറപ്പെട്ടിടത്ത് നിന്നും 12 കിലോമീറ്റര്‍ അകലെ മണക്കാവല എന്ന പ്രദേശത്ത് വച്ചാണ് മറിഞ്ഞത്.

ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 45 പേരാണ് അന്ന് മരിച്ചത്. ബോട്ടില്‍ കയറ്റാവുന്നതിലുമധികം സഞ്ചാരികളെ കയറ്റിയതും ലൈഫ് ജാക്കറ്റുകള്‍ ഇല്ലാതിരുന്നതും ബോട്ടിന്റെ അശാസ്ത്രീയ നിര്‍മാണവുമെല്ലാം അപകടകാരണങ്ങളായി അന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

2015 ഓഗസ്റ്റ് 26 ന് ഫോര്‍ട്ട് കൊച്ചി - വൈപ്പിനില്‍ ഉണ്ടായ ബോട്ടപകടത്തില്‍ പതിനൊന്ന് പേരാണ് മരിച്ചത്. കൊച്ചി നഗരസഭയുടെ എം ബി ഭാരതെന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. സ്പീഡിലെത്തിയ വള്ളം ബോട്ടിനെ ഇടിച്ച് തകര്‍ക്കുകയായിരുന്നു. 45 പേരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. അന്ന് ബോട്ടിന്റെ കാലപ്പഴക്കം സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.