കര്‍ണാടകയില്‍ പരസ്യ പ്രചാരണം സമാപിച്ചു: ബുധനാഴ്ച വോട്ടെടുപ്പ്; ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി; തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്

കര്‍ണാടകയില്‍ പരസ്യ പ്രചാരണം സമാപിച്ചു: ബുധനാഴ്ച വോട്ടെടുപ്പ്; ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി; തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം സമാപിച്ചു. നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാള്‍ വിധിയെഴുത്ത്.

ഭരണം നിലനിര്‍ത്താന്‍ ആവനാഴിയിലെ സകല ആയുധങ്ങളുമെടുത്ത് ബിജെപി പോരാടിയപ്പോള്‍ ഭരണ വിരുദ്ധ വികാരം അനുകൂലമാക്കി അധികാരം തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തിയത്. ബിജെപി 224 മണ്ഡലങ്ങള്‍, കോണ്‍ഗ്രസ് 223, ജെഡിഎസ് 207 എന്നിങ്ങനെയാണ് മത്സരിക്കുന്നത്. മെയ് 13 ന് ജനവിധി അറിയാം.

തിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം പ്രവര്‍ത്തകരെ ആവേശത്തിലാക്കിയത് നേതാക്കളുടെ റോഡ് ഷോയായിരുന്നു. കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ്, എഎപി നേതാക്കള്‍ വിവിധ മണ്ഡലത്തില്‍ റോഡ് ഷോ നടത്തി. വിജയനഗര്‍ മണ്ഡലത്തിലായിരുന്നു പ്രിയങ്കയുടെ റോഡ് ഷോ.

പ്രിയങ്കയ്ക്കൊപ്പം വിജയ്നഗര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും സമീപമണ്ഡലമായ ഗോവിന്ദരാജ നഗറിലെ സ്ഥാനാര്‍ഥിയും അനുഗമിച്ചു. ആയിരങ്ങളാണ് റോഡ് ഷോയില്‍ പങ്കെടുത്തത്. ഉഡുപ്പിയില്‍ ബിജെപിക്കായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ റോഡ് ഷോ നടത്തി.

ബിജെപിയുടെ താര പ്രചാരകനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ദിവസങ്ങളാണ് കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയത്. അന്തിമ ഘട്ടത്തില്‍ മോഡി ഷോ ആയ പ്രചാരണമാണ് ബിജെപി നടത്തിയത്. രണ്ട് മെഗാ റോഡ് ഷോയും മോഡി നടത്തി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ബിജെപി പ്രചാരണത്തിനായി എത്തി. മോഡിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ നടത്തിയ വിഷപ്പാമ്പ് പരാമര്‍ശം പ്രചാരണത്തില്‍ ഗുണം ചെയ്തെന്ന വിലയിരുത്തലിലാണ് ബിജെപി.

കോണ്‍ഗ്രസിനായി മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധി, മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കമല്‍ നാഥ് എന്നിവരും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രചാരണത്തിന് നേതൃത്വം നല്‍കി. ജെഡിഎസിനായി ദേവഗൗഡയും കുമാര സ്വാമിയുമായിരുന്നു പ്രചാരണ രംഗത്തുണ്ടായത്.

ബിജെപിയുടെ മുന്‍ മുഖ്യമന്ത്രിയും മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസിലെത്തിയത് പാര്‍ട്ടിക്ക് ഗുണകരമായെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. പ്രായാധിക്യം മറന്ന് ദേവഗൗഡ രംഗത്തിറങ്ങിയതും പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. എഎപിക്കായി അരവിന്ദ് കെജരിവാളും പ്രചാരണത്തിനെത്തി.

അതേസമയം, കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കര്‍ണാടകയുടെ യശസിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും കളങ്കം വരുത്താന്‍ കോണ്‍ഗ്രസ് ആരെയും അനുവദിക്കില്ലെന്ന പ്രസ്താവനയ്ക്കെതിരെയാണ് ബിജെപി പരാതി നല്‍കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.