ഇ.പി ജയരാജിന്റെ വൈദേകം റിസോര്‍ട്ട് അഴിമതി; അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

ഇ.പി ജയരാജിന്റെ വൈദേകം റിസോര്‍ട്ട് അഴിമതി; അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ ഉടമസ്ഥതയിലുള്ള വൈദേകം ആയൂര്‍വേദ റിസോര്‍ട്ട് നിര്‍മ്മാണത്തിലെ അഴിമതി കേസ് അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. ഇത് സംബന്ധിച്ച് ഇഡിയ്ക്ക് നോട്ടീസ് അയച്ചു. അന്വേഷണ പുരോഗതിയില്‍ വിശദീകരണം തേടിക്കൊണ്ടാണ് നോട്ടീസ് അയച്ചത്. അന്വേഷണം സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാമെന്ന് ഇഡിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് ഈ മാസം 22 ന് പരിഗണിക്കാനായി മാറ്റി.

മൊറാഴയിലെ വൈദേകം റിസോര്‍ട്ടിലെ നിക്ഷേപത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും കള്ളപ്പണ ഇടപാടുമായി ബന്ധമുള്ള കണ്ണൂര്‍ സ്വദേസിയായ മുഹമ്മദ് അഷ്റഫിന് റിസോര്‍ട്ടില്‍ നിക്ഷേപമുണ്ടെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ എം.ആര്‍ അജയനാണ് ഹര്‍ജിക്കാരന്‍.

റിസോര്‍ട്ടിന് പരിസ്ഥിതി അനുമതി, പഞ്ചായത്ത് സെക്രട്ടറിയുടെ ലാന്‍ഡ് ഡെവലപ്മെന്റ് അഫിഡവിറ്റ്, ഭൂജല വകുപ്പിന്റെ അനുമതി എന്നിവയില്ലാതെയാണ് നിര്‍മ്മാണം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. മുന്‍ മന്ത്രിയായ ഇ.പി ജയരാജന്റെ അന്യായ സ്വാധീനത്താല്‍ അന്നത്തെ ചെയര്‍പേഴ്സണും സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഗൂഢാലോചനയും അഴിമതിയുമാണ് റിസോര്‍ട്ടിന്റെ അനുമതിയ്ക്ക് പുറകിലുള്ളത്. ഇവരുടെ ഒത്താശയോടെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും പ്രവര്‍ത്തനം തുടരുന്നതെന്നുമാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്.

ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്കും മകന്‍ ജെയ്സണുമാണ് ഓഹരി ഉള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റെയും ജെയ്സണ് 10 ലക്ഷം രൂപയുടെയും ഓഹരി പങ്കാളിത്തമാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.