മണിപ്പൂരിലെ വംശീയ കലാപവും ക്രിസ്ത്യാനികൾക്ക് നേരയുള്ള ആക്രമണങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്ത

മണിപ്പൂരിലെ വംശീയ കലാപവും ക്രിസ്ത്യാനികൾക്ക് നേരയുള്ള ആക്രമണങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്ത

ന്യൂഡൽഹി: ആഭ്യന്തര കലാപത്തെ തുടർന്ന് സംഘർഷം രൂക്ഷമായ മണിപ്പൂരിൽ നിരവധി സാധരണക്കാർക്കാണ് ജീവൻ നഷ്ടമായത്. ദിവസങ്ങളായി നടക്കുന്ന മണിപ്പൂരിലെ വർ​ഗീയതയും വംശീയ കലാപവും ക്രിസ്ത്യാനികൾക്കെതിരെയുള്ള അക്രമണങ്ങളും റിപ്പോർട്ട് ചെയ്ത് അന്താരാഷ്ട്ര മാധ്യമങ്ങൾ.

ദ ​ഗാർഡിയൻ, എബിസി, സിഎൻഎൻ, ബിബിസി തുടങ്ങിയ മാധ്യമങ്ങളാണ് വളരെ വ്യക്തമായി മണിപ്പൂരിലെ ജനങ്ങൾ പ്രത്യേകിച്ച് ക്രിസ്ത്യാനികൾ അനുഭവിക്കുന്ന ദുരിതങ്ങൾ ലോകത്തിനു മുന്നിൽ തുറന്നു കാട്ടിയത്. മണിപ്പൂരിൽ നിന്ന് സാധാരണക്കാർ പാലായനം ചെയ്തതും, വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ എന്തിനാണ് അക്രമണം നടക്കുന്നതുമെന്നെല്ലാം ക്രിത്യതയോടെ സത്യസന്ധമായി വാർത്തകളിലൂടെ തുറന്നു കാട്ടുന്നുണ്ട്.

അതേ സമയം മണിപ്പൂരിൽ നടന്ന വംശീയ കലാപത്തെ തുടർന്നുണ്ടായ വ്യാപക അക്രമങ്ങളിൽ 218 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അക്രമ സംഭവങ്ങളിൽ ഇത് വരെ 60 പേരാണ് കൊല്ലപ്പെട്ടത്. 231 പേർക്ക് പരിക്കേൽക്കുകയും 1,700 വീടുകൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 25,000 രൂപയും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി എൻ. ബീരേൻ സിംഗ് അറിയിച്ചു. വീട് നഷ്ടപ്പെട്ടവർക്ക് രണ്ട് ലക്ഷം രൂപ നൽകും. സംഘർഷത്തിന് അയവ് വന്നതിനാൽ ചില ജില്ലകളിൽ കർഫ്യൂവിന് ഇളവ് നൽകി. എന്നാൽ സംസ്ഥാനത്ത് ഇന്റർനെറ്റിന് ഏർപ്പെടുത്തിയ നിരോധനം തുടരുകയാണ്.

മണിപ്പൂരിലെ മെയ്തി വിഭാഗത്തിന് പട്ടിക വർഗ പദവി നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന മണിപ്പൂർ ഹൈക്കോടതിയുടെ നിർദ്ദേശം ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജനങ്ങൾ ഭയപ്പെടേണ്ടതില്ല. കൂടിയാലോചന നടത്തി ആശങ്കകൾ പരിഹരിക്കും. മണിപ്പൂർ സർക്കാർ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ മണിപ്പൂരിലെ ഇംഫാലിൽ നിന്നും 18 മലയാളികൾ കൂടി കേരളത്തിലേക്ക് ഉടൻ പുറപ്പെടും. കഴിഞ്ഞ ദിവസം ഒമ്പത് വിദ്യാർത്ഥികൾ തിരുവനന്തപുരത്ത് എത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.