കൊച്ചി: വനിതാ ഡോക്ടര്‍ ആശുപത്രിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. രാജ്യത്ത് മറ്റൊരിടത്തും നടക്കാത്ത സംഭവങ്ങളാണ്. ഒരു ഡോക്ടര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇതിലും മോശപ്പെട്ടത് എന്തു സംഭവിക്കാനാണ്. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടണമെന്നും കോടതി പറഞ്ഞു.
ആക്രമണങ്ങള്‍ ചെറുക്കാനല്ലേ സുരക്ഷാ സംവിധാനങ്ങള്‍. എങ്ങനെ സംരക്ഷിക്കണമെന്ന് പറഞ്ഞു തരേണ്ടത് കോടതിയല്ല. പൊലീസിന്റെ കൈയ്യില്‍ തോക്കില്ലായിരുന്നോ എന്നും കോടതി ആരാഞ്ഞു. സംഭവത്തില്‍ പൊലീസ് മേധാവിയോട് കോടതി വിശദീകരണം തേടി.
എല്ലാവരേയും പോലെ ഞങ്ങള്‍ക്കും വിഷമമുണ്ട്. കുട്ടിയുടെ മാതാപിതാക്കളെ സര്‍ക്കാര്‍ എങ്ങനെ അഭിമുഖീകരിക്കും. ഒരു പ്രതിയെ ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ പൊലീസ് സാന്നിധ്യം ഒഴിവാക്കപ്പെട്ടത് എങ്ങനെയാണെന്ന് പരിശോധിക്കണം. ഒരു പ്രതിയെ അല്ലെങ്കില്‍ അക്രമാസക്തനായ ഒരു വ്യക്തിയെ കോടതിയില്‍ എത്തിക്കുമ്പോള്‍ വിലങ്ങുവെയ്ക്കാറുണ്ട്. എന്നാല്‍ അക്രമാസക്തനായ ഒരു വ്യക്തിയെ പൊലീസ് ഡോക്ടറുടെ മുന്നില്‍ ഹാജരാക്കുന്നത് ഇങ്ങനെയാണോയെന്നും കോടതി ആരാഞ്ഞൂ.
കോടതിയുടെ സിറ്റിങ് തുടരുകയാണ്. സംഭവിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ പ്രതിനിധി കോടതിയില്‍ അറിയിച്ചു. കോടതിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും നല്‍കും.
ഡോക്ടര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ കോടതി സ്വമേധയ പരിഗണനയ്ക്ക് എടുക്കുകയായിരുന്നു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെയും ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്റെയും ബെഞ്ചാണ് വിഷയം പരിശോധിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സര്‍വകലാശാലയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.