ട്രാഫിക് നിയമ ലംഘനത്തിന് പിഴ ജൂണ്‍ അഞ്ച് മുതല്‍; പദ്ധതിയുടെ സമഗ്ര കരാര്‍ വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

ട്രാഫിക് നിയമ ലംഘനത്തിന് പിഴ ജൂണ്‍ അഞ്ച് മുതല്‍; പദ്ധതിയുടെ സമഗ്ര കരാര്‍ വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനത്തിനുള്ള പിഴ ജൂണ്‍ അഞ്ച് മുതല്‍ ഈടാക്കാന്‍ തീരുമാനം. ഈ മാസം 20 മുതല്‍ പിഴ ഈടാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. നിയമ ലംഘനങ്ങള്‍ക്ക് മെയ് അഞ്ച് മുതല്‍ ബോധവത്കരണ നോട്ടീസ് നല്‍കിയിരുന്നു.

അതിനിടെ എ.ഐ ക്യാമറ പദ്ധതിയിലെ ക്രമക്കേട് പുറത്തായ സാഹചര്യത്തില്‍ പദ്ധതി സംബന്ധിച്ച സമഗ്ര കരാര്‍ തയ്യാറാക്കുന്നത് അടുത്ത മൂന്നു മാസത്തിനുള്ളില്‍ മതിയെന്നാണ് പുതിയ തീരുമാനം. പിഴ ഈടാക്കല്‍ നടപടി ആരംഭിച്ച് മൂന്നു മാസത്തിനകം സമഗ്ര കരാര്‍ നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് സര്‍ക്കാരിന് ലഭിച്ച വിദഗ്ധ ഉപദേശം.

ആവശ്യമെങ്കില്‍ കരാര്‍ നടപടികള്‍ വീണ്ടും നീട്ടിക്കൊണ്ടു പോകാന്‍ സര്‍ക്കാരിനു കഴിയും. കെല്‍ട്രോണ്‍ നല്‍കിയ കരാറുകളും കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുണ്ടാക്കിയ കരാറും ഇതിനുള്ളില്‍ പുനപരിശോധിക്കാനും ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണയായി.

അതിനു ശേഷമാകും ഗതാഗത വകുപ്പ് സമഗ്ര കരാര്‍ തയ്യാറാക്കുക. ഈ കരാര്‍ ധന, നിയമ വകുപ്പുകളുടെ അംഗീകാരം കൂടി നേടിയ ശേഷം മാത്രമെ നടപ്പിലാക്കുകയുള്ളൂ.

അതിനിടെ എ.ഐ ക്യാമറ ഇടപാടില്‍ നൂറ് കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പ്രതിപക്ഷ നേതാവ് ഇന്നലെ പുറത്ത് വിട്ടു. ക്യാമറയും കണ്‍ട്രോള്‍ റൂമും വാര്‍ഷിക മെയിന്റനന്‍സ് അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുന്നതിനുള്ള ഫിനാന്‍ഷ്യല്‍ പ്രെപ്പോസല്‍ നല്‍കിയത് ട്രോയ്സ് എന്ന കമ്പനിയാണ്.

ട്രോയ്സില്‍ നിന്നും മാത്രമെ ഉപകരണങ്ങള്‍ വാങ്ങാവുവെന്ന് മറ്റ് കമ്പനികളോട് നിര്‍ദേശിക്കുകയും ചെയ്തു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് നികുതി ഉള്‍പ്പെടെ 33.59 കോടിയും കണ്‍ട്രോള്‍ റൂമിനും സോഫ്ട് വെയറിനും സോഫ്ട് വെയര്‍ ലൈസന്‍സിനുമായി 10.27 കോടിയും ഫീല്‍ഡ് ഇന്‍സ്റ്റലേഷന് 4.93 കോടിയും വാര്‍ഷക മെയിന്റനന്‍സിന് 8.2 കോടിയും ഉള്‍പ്പെടെ 57 കോടി രൂപയുടെ പ്രെപ്പോസലാണ് മറ്റു കമ്പനികള്‍ക്ക് ട്രോയ്സ് നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.