ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ: അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ: അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. നിയമ നിര്‍മ്മാണം അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇന്ന് ഉച്ചക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ആണ് യോഗം ചേരുക.

ആരോഗ്യ മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, സംസ്ഥാന പൊലീസ് മേധാവി, എഡിജിപിമാര്‍, ബന്ധപ്പെട്ട മറ്റ് വകുപ്പ് തലവന്മാര്‍ എന്നിവരുടെ അടിയന്തിര യോഗമാണ് ചേരുന്നത്. കൊട്ടാരക്കരയില്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഉന്നതതല യോഗം ചേരുന്നത്.

അതേസമയം വന്ദനയുടെ കൊലപാതകത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം നടക്കുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അതിനിടെ സംഭവത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതിയും രംഗത്തെത്തി. ഡോക്ടര്‍മാര്‍ ഇന്നും സമരത്തിലല്ലേ എന്ന് കോടതി ചോദിച്ചു. എത്രയോ ആളുകളാണ് ചികിത്സക്കായി കാത്തു നില്‍ക്കുന്നത്. ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാല്‍ എന്ത് ചെയ്യും. ഇപ്പോഴത്തേത് സമരമല്ലെന്നും ഡോക്ടര്‍മാരുടെ ഭയം കൊണ്ടാണെന്നും കോടതി പറഞ്ഞു. ഡോക്ടര്‍മാരുടെ സമരം ഒന്നും നേടിയെടുക്കാനല്ല. ഭയത്തില്‍ നിന്നാണ് സമരം നടത്തുന്നത്. എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക. വിഷയം ആളിക്കത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സംഭവം സംബന്ധിച്ച് എഡിജിപി റിപോര്‍ട്ട് സമര്‍പിച്ചു. ഇതാണ് സ്ഥിതിയെങ്കില്‍ പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി പരാമര്‍ശിച്ചു. അലസമായി വിഷയത്തെ സര്‍ക്കാര്‍ കാണരുത്. ഇപ്പോഴത്തേത് സിസ്റ്റമിക് ഫെയിലിയറാണ്. പൊലീസിനെയല്ല കുറ്റം പറയുന്നത്. സംവിധാനത്തിന്റെ പരാജയമാണ്. ഇങ്ങനെയൊന്ന് കേട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു. പ്രതിയുടെ പെരുമാറ്റത്തില്‍ പ്രകടമായ വ്യത്യാസമുണ്ടായിരുന്നെന്ന് പൊലീസ് തന്നെ പറയുന്നു. അങ്ങനെയെങ്കില്‍ എന്തിനാണ് പൊലീസുകാരുടെ കാവലില്ലാതെ ഡോക്ടറുടെ മുന്നിലേക്ക് സന്ദീപീനെ എത്തിച്ചതെന്ന് കോടതി ചോദിച്ചു. സംവിധാനത്തിന്റെ പരാജയമാണിതെന്നും കോടതി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.