ജയ്പൂര്‍: ടോങ്കില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ സച്ചിന്‍ പൈലറ്റ് നയിക്കുന്ന ജന്‍ സംഘര്‍ഷ് യാത്രയ്ക്ക് ഇന്ന് തുടക്കമായി. അജ്മീറില്‍ നിന്ന് ജയ്പൂരിലേക്കുള്ള 135 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയാണ് ആരംഭിച്ചത്. യാത്രയ്ക്ക് മുന്നോടിയായി, ജയ്പൂര്‍ ഹൈവേയിലെ ഒരു പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്താണ് പൈലറ്റ് യാത്ര ആരംഭിച്ചത്. ആര്‍ക്കും എതിരല്ലെന്നും അഴിമതിക്കെതിരെയും സംസ്ഥാനത്തെ യുവാക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും ഉള്ളതാണെന്നാണ് സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം.
പാര്‍ട്ടി ചിഹ്നവും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ട്ടി നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ ചിത്രങ്ങളുമായാണ് യാത്ര ആരംഭിച്ചത്. ജന്‍ സംഘര്‍ഷ് യാത്രയില്‍ നിന്നും സംസ്ഥാനത്തെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ വിട്ടു നിന്നു.
എഐസിസിയോ സംസ്ഥാന ഘടകങ്ങളോ എന്തെങ്കിലും പരിപാടി നല്‍കുമ്പോഴാണ് സച്ചിന്‍ പൈലറ്റിന്റെ യാത്ര തുടങ്ങുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന ഘടകം നേതാവ് ഗോവിന്ദ് സിങ് ഡോട്ടസാര കൂട്ടിച്ചേര്‍ത്തു. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ യാത്ര ആണെന്നും പാര്‍ട്ടിക്ക് ഇതില്‍ യാതൊരു ബന്ധവുമില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇത് പാര്‍ട്ടിക്ക് ഗുണമോ ദോഷമോ ചെയ്യുമോ എന്ന ചോദ്യത്തിന്, അത് പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നാണ് ഡോട്ടസാരയുടെ മറുപടി. കൂടാതെ, പാര്‍ട്ടി ഹൈക്കമാന്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം അവസാനം രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സച്ചിന്‍ പൈലറ്റിന്റെ യാത്ര. ഈ യാത്രയിലൂടെ അശോക് ഗെലോട്ടിനും കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തിനും മേല്‍ സമ്മര്‍ദം ചെലുത്താന്‍ സച്ചിന് കഴിയുമെന്നാണ് റിപ്പോര്‍ട്ട്.
2018-ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത് മുതല്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി അധികാരത്തിനായുള്ള പോരാട്ടത്തിലായിരുന്നു പൈലറ്റ്. 2020 ജൂലൈയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ 18 എംഎല്‍എമാര്‍ അശോക് ഗെലോട്ടിനെതിരെ രംഗത്തുവന്നിരുന്നു. അന്നത്തെ പ്രശ്‌നത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നേരിട്ട് ഇടപെട്ടതോടെയാണ് പരിഹാരമായത്.
ഇതേ തുടര്‍ന്ന്, സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും നഷ്‌പ്പെട്ടിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതാവ് സോണിയാ ഗാന്ധിയല്ലെന്നും ബിജെപിയുടെ വസുന്ധര രാജെയാണെന്നും സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.